Bridal

ചാലിയാറിൻ്റെ കാവലാൾ… പുഴ ശുദ്ധീകരിക്കാൻ ഒറ്റയാൾ പോരാട്ടം നടത്തിയ ഷാഹിനെ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: ചാലിയാർ പുഴയെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഒറ്റയാൾ പോരാട്ടം നടത്തി ശ്രദ്ധേയനായ യുവ പരിസ്ഥിതി പ്രവർത്തകൻ എടവണ്ണ കല്ലിടുമ്പ് സ്വദേശി പൂവമണ്ണിൽ ഷാഹിനെ (38) പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാത്രി പുഴയിൽ മീൻ പിടിക്കാൻ പോയ ഷാഹിൻ ഏറെ വൈകിയും തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് നാട്ടുകാരും തിരുവാലി ഫയർഫോഴ്സും എടവണ്ണ പൊലീസും എമർജൻസി രക്ഷാപ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് അർധരാത്രി പന്ത്രണ്ടോടെ മൃതദേഹം കണ്ടെത്തിയത്. പുഴയിൽ ഒഴുക്കിൽപ്പെട്ട നിലയിൽ തോണി കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് തിരച്ചിലിന് നേതൃത്വം നൽകിയത്.

1 st paragraph

വർഷം തോറും സ്വന്തം തോണിയിൽ ഒറ്റയ്ക്ക് ചാലിയാറിലിറങ്ങി പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് പുഴ ശുദ്ധീകരിച്ചിരുന്ന ഷാഹിന്റെ പ്രവർത്തനങ്ങൾ ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. എടവണ്ണ കല്ലിടുമ്പിൽ ആര്യൻതൊടിക പൂവമണ്ണിൽ റിട്ട. പോലീസ് ഉദ്യോഗസ്ഥൻ ഉമ്മറിന്റെ മകനായ ഷാഹിന് ചാലിയാറുമായി അത്രമേൽ അടുത്ത ബന്ധമാണുണ്ടായിരുന്നത്. ചാലിയാറിന്റെ തീരത്ത് വളർന്ന അദ്ദേഹത്തിന് ചെറുപ്പം മുതലേ ഈ പുഴയെ നന്നായി അറിയാമായിരുന്നു.

എടവണ്ണയിൽ ഒപ്റ്റിക്കൽസ് ഷോപ്പിൽ ജോലി ചെയ്യുമ്പോഴും സ്വന്തമായി ഒരു തോണി വാങ്ങണമെന്നതായിരുന്നു ഷാഹിന്റെ ആഗ്രഹം. അതിലൂടെ ചാലിയാറിനെ ഒരു ഉപജീവന മാർഗമാക്കാമെന്നും അദ്ദേഹം സ്വപ്നം കണ്ടു. പിന്നീട് ജോലി ഉപേക്ഷിച്ച് മീൻ പിടിക്കാനായി വലയും തോണിയും സ്വന്തമാക്കിയ ഷാഹിൻ, പുഴ മീൻ ഇഷ്ടപ്പെടുന്നവർക്കായി ഒരു വാട്സ്ആപ്പ് ഗ്രൂപ്പും ഉണ്ടാക്കിയിരുന്നു. എന്നാൽ, പുഴയിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ അദ്ദേഹത്തെ എപ്പോഴും അലട്ടിയിരുന്നു. ഇതോടെ, വലയിട്ട് കാത്തിരിക്കുന്ന ഇടവേളകളിൽ പുഴയിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് തോണിയിൽ നിറയ്ക്കുന്നത് അദ്ദേഹം പതിവാക്കുകയായിരുന്നു.

2nd paragraph

പുഴസംരക്ഷണത്തിന് പുറമേ പുഴക്കരയിലും തന്റെ പറമ്പിലും ജൈവ കൃഷി നടത്തി, ആരോഗ്യം സംരക്ഷിക്കുന്നതിൽ ഏവർക്കും പ്രചോദനം നൽകിയ വ്യക്തിത്വമായിരുന്നു ഷാഹിൻ. സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും ഇസ്ലാഹി പ്രസ്ഥാനത്തിലും അദ്ദേഹം നിറഞ്ഞുനിന്നു. കൂടാതെ നാട്ടിലെ സേവനപ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം ‘കല്ലിടുമ്പ് വോയ്സ്’ ടീമിലെ ഒരു നിറസാന്നിധ്യമായിരുന്നു. പരേതയായ മറിയമാണ് മാതാവ്. ഭാര്യ: ഫർഹാന നസ്രിൻ പി.സി (ഇരിവേറ്റി). സഹോദരങ്ങൾ: സിനി (ഇരിവേറ്റി), ഷംന (എടക്കര).