തുഞ്ചൻ കോളേജിൽ ‘സ്വയം’ ഓൺലൈൻകോഴ്സ് (SWAYAM – MOOCs) ഓറിയന്റേഷൻ സംഘടിപ്പിച്ചു

തിരൂർ: തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവൺമെന്റ് കോളേജിലെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലും (IQAC), കാലിക്കറ്റ് സർവ്വകലാശാലയിലെ എഡ്യൂക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്ററും (EMMRC) സംയുക്തമായി വിദ്യാർത്ഥികൾക്കായി ‘സ്വയം’ – മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സ് (SWAYAM – MOOCs) ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളും നൂറുകണക്കിന് വിദ്യാർത്ഥികളും പങ്കെടുത്തു.

രാവിലെ 10 മണിക്ക് ആരംഭിച്ച ഉദ്ഘാടന സെഷനിൽ ഐ.ക്യു.എ.സി (IQAC) കോർഡിനേറ്റർ ഡോ. അബ്ദുൾ ജലീൽ ടി. സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ശ്യാംചന്ദ് എസ്.എസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സർവ്വകലാശാല EMMRC ഡയറക്ടറും പ്രമുഖ മാധ്യമ നിരീക്ഷകനുമായ ഡി. ദാമോദർ പ്രസാദ് പ്രോഗ്രാമിന്റെ ഔദ്യോഗിക ഉദ്ഘാടനവും മൂക് (MOOC) ലോഞ്ചും നിർവ്വഹിച്ചു. തുടർന്ന് EMMRC പ്രൊഡ്യൂസർ സജീദ് നടുത്തോടി മൂക് കോഴ്സുകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് വിശദമായ ആമുഖം നൽകി. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. അനിൽകുമാർ എം.പി ചടങ്ങിന് ആശംസകൾ നേർന്നു സംസാരിച്ചു.
ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം രണ്ട് സാങ്കേതിക സെഷനുകൾ നടന്നു. ആദ്യ സെഷനിൽ ‘ഇൻട്രൊഡക്ഷൻ ടു സ്വയം – മൂക്സ്’ (Introduction to SWAYAM – MOOCs) എന്ന വിഷയത്തിൽ കാലിക്കറ്റ് സർവ്വകലാശാല EMMRC ജെ.ആർ.ഒ (JRO) ശ്രീ. രാജൻ തോമസ് ക്ലാസെടുത്തു. തുടർന്ന് നടന്ന രണ്ടാമത്തെ സെഷനിൽ ‘സ്വയം പ്ലാറ്റ്ഫോമും കോഴ്സുകളും’ (SWAYAM Platform and Courses) എന്ന വിഷയത്തെ ആസ്പദമാക്കി EMMRC ടെക്നീഷ്യൻ ശ്രീ. ഷിംജിത്ത്മോൻ എ. സംസാരിച്ചു.

തുടർന്ന് വിദ്യാർത്ഥികളും EMMRC പ്രതിനിധികളും തമ്മിൽ സംവാദവും സംശയനിവാരണവും നടന്നു. കോളേജ് നാക് (NAAC) കോർഡിനേറ്റർ ഡോ. ജൽസിയ എം.പി ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.