ശബരിമല സ്വര്‍ണക്കൊള്ള കേസ്; സ്വമേധയാ എടുത്ത കേസില്‍ എസ്‌ഐടി സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്വമേധയാ എടുത്ത കേസില്‍ എസ്‌ഐടി സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതുവരെയുള്ള അന്വേഷണം പുരോഗതിയാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. അന്തിമ റിപ്പോര്‍ട്ട് എന്ന് സമര്‍പ്പിക്കുമെന്നതും സമഗ്ര റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇടക്കാല ഉത്തരവ് വൈകിട്ട് പുറത്തുവരും.

അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി എസ്.ശശിധരന്‍ നേരിട്ടെത്തിയാണ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. അന്വേഷണത്തിന്റെ നിലവിലെ സാഹചര്യത്തെക്കുറിച്ച് കോടതി നേരിട്ട് അന്വേഷണ ഉദ്യോഗസ്ഥനോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അടച്ചിട്ട കോടതി മുറിയിലായിരുന്നു നടപടികള്‍.
അന്വേഷണം അനന്തമായി നീളരുത് എന്നായിരുന്നു കോടതി മുന്നറിയിപ്പ്. 2025ല്‍ ദ്വാരപ്പാലക സ്വര്‍ണ്ണപാളി ചെന്നൈ സ്മാര്‍ട്ട് ക്രീയേഷന്‍സില്‍ എത്തിച്ചതുമായി ബന്ധപ്പെട്ടുള്ള അന്വേഷണ പുരോഗതിയും ഹൈകോടതിയെ എസ്‌ഐടി അറിയിക്കും. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരും വിവിധ ഹൈന്ദവ സംഘടനകളും നല്‍കിയിട്ടുള്ള ഹര്‍ജികളും ഹൈകോടതി ദേവസ്വം ബെഞ്ച് ഇന്ന് പരിഗണിക്കുന്നുണ്ട്.

