‘ബിയറാണെങ്കിലും അരയാണെങ്കിലും കഴിച്ചിട്ട് സ്റ്റിയറിങില്‍ തൊടരുതായിരുന്നു, പക്ഷേ ഞാന്‍ ഒളിവിലല്ല ഗയ്സ്…’; വിശദീകരണ വിഡിയോയുമായി ഹെലന് ഓഫ് സ്പാര്‍ട്ട

മദ്യപിച്ച് വാഹനമോടിച്ച സംഭവത്തില്‍ വിശദീകരണ വിഡിയോയുമായി സോഷ്യല്‍ മീഡിയയില്‍ ഹെലന് ഓഫ് സ്പാര്‍ട്ട എന്ന പേരില്‍ അറിയപ്പെടുന്ന വ്ളോഗര്‍ യുവതി. മദ്യപിച്ച് വാഹനമോടിച്ചത് തന്റെ തെറ്റെന്ന് സമ്മതിക്കുന്നതായി ഹെലന് ഓഫ് സ്പാര്‍ട്ട പറഞ്ഞു. താന്‍ ബിയറടിച്ചാണ് വണ്ടിയോടിച്ചത്. പൊലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയത് തന്നെ അറിയുന്നവര്‍ വിഡിയോ എടുത്ത് പ്രചരിപ്പിക്കുമെന്ന ആശങ്ക കൊണ്ടാണ്. മദ്യപിച്ച് വാഹനമോടിക്കുന്നതിലെ സ്വാഭാവിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പൊലീസ് പോയതെന്നും താന്‍ കോടതിയില്‍ പിഴയടയ്ക്കുമെന്നും യുവതി യൂട്യൂബ് വിഡിയോയിലൂടെ പറഞ്ഞു.

ഈ സംഭവത്തിന്റെ പേരില്‍ നിരവധി വ്യാജപ്രചാരണങ്ങള്‍ നടക്കുന്നുവെന്നും ഹെലന് ഓഫ് സ്പാര്‍ട്ട വിഡിയോയില്‍ പറയുന്നുണ്ട്. തന്റെ കാറില്‍ എംഡിഎംഎ ഉണ്ടായിരുന്നുവെന്നും താന്‍ ഒളിവിലാണെന്നും വാര്‍ത്തകള്‍ വന്നതായി യുവതി പറഞ്ഞു. താന്‍ ഒളിവിലല്ലെന്നും വാഹനം പിടിച്ചെടുത്തിട്ടില്ലെന്നും വിശദീകരിച്ചുകൊണ്ടാണ് വിഡിയോ. ബിയറടിച്ച് വാഹനം ഓടിച്ചതിന് തന്നെ ഇഷ്ടപ്പെടുന്നവരോടും ഫോളോവേഴ്സിനോടും ഹെലന് ഓഫ് സ്പാര്‍ട്ട മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്.
മദ്യപാനത്തെ ഇതുവരെ താന്‍ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്ന് യുവതി പറയുന്നു. എന്നിരിക്കിലും താന്‍ ഒരിക്കലും മദ്യപിക്കാത്ത ആളെന്ന് ഒരിടത്തും അവകാശപ്പെട്ടിട്ടുമില്ല. ‘എന്തെങ്കിലും സംഭവിച്ചിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ എന്ന് പൊലീസുകാര്‍ എന്നെ പറഞ്ഞ് മനസിലാക്കി. അത് ശരിയാണ്. ഞാന്‍ ചിന്തിക്കേണ്ടതായിരുന്നു. ഒരു പെഗ്ഗാണെങ്കിലും ബിയറാണെങ്കിലും അരയാണെങ്കിലും കഴിച്ചിട്ട് സ്റ്റിയറിങില്‍ തൊടരുത്.’ ഹെലന് ഓഫ് സ്പാര്‍ട്ട പറഞ്ഞു.

