Main Banner

ചിങ്ങപ്പിറവിയില്‍ മമ്മൂട്ടിയുടെ സമ്മാനം; ശബ്ദങ്ങളുടെ ലോകത്തേക്ക് ‘കാതുതുറന്ന്’ കുഞ്ഞുസഹോദങ്ങള്‍

കൊച്ചി: ഈ ചിങ്ങപ്പിറവി ഇടുക്കിയിലെ കുഞ്ഞുസഹോദരങ്ങള്‍ക്ക് പുതുവര്‍ഷത്തിനൊപ്പം പുതിയ ലോകത്തേക്കുള്ള ചുവടുവെപ്പ് കൂടിയാണ്. ജന്മനാ കേള്‍വിശക്തി ഇല്ലാതിരുന്ന മിഖേയേലിനും മിഹോക്കും ഈ ഓണക്കാലം കളറാക്കാന്‍ കൂട്ടിന് ശബ്ദങ്ങളുമുണ്ടാകും. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും ചേര്‍ന്ന് നടപ്പാക്കുന്ന ‘കാതോടു കാതോരം’ പദ്ധതിയിലൂടെയാണ് ഇരുവര്‍ക്കും കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ നടത്തിയത്.

1 st paragraph

ഓണക്കോടിക്കൊപ്പം ഒരു റേഡിയോ കൂടിയാണ് മമ്മൂട്ടി മമ്മൂട്ടി കുട്ടികൾക്ക് കൊടുത്തയച്ചിരിക്കുന്നത്. മക്കളെ കസവ് മുണ്ട് ഉടുപ്പിക്കുന്ന സമയത്ത് ബോബിന പറഞ്ഞത് ഇങ്ങനെയാണ്, ‘മമ്മൂക്ക മക്കൾക്ക് നൽകിയ കേൾവിയാണ് ജീവിതത്തിലെ വലിയ ഓണസമ്മാനം!’

ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശികളായ സോനു-ബോബിന ദമ്പതികളുടെ മക്കളാണ് മിഖായേലും മിഹോക്കും. മൂത്തയാളായ മിഖായേലിന് രണ്ട് വയസുള്ളപ്പോഴാണ് കേള്‍വി തകരാര്‍ തിരിച്ചറിയുന്നത്. കൂട്ടുകാരുമായി കളിക്കുന്നതിനിടെ കുരച്ചുകൊണ്ട് പാഞ്ഞടുത്ത നായയെ കണ്ട് കൂടെ ഉണ്ടായിരുന്നവര്‍ ഓടിയെങ്കിലും, മിഖായേല്‍ അത് കേട്ടില്ല. ആദ്യം കാണിച്ച ആശുപത്രിയില്‍ നാക്കിന്റെ പ്രശ്‌നമാണെന്നും പ്രായമാകുമ്പോള്‍ ശരിയാകുമെന്നും പറഞ്ഞ് തിരിച്ചയച്ചു. പിന്നീട് കട്ടപ്പനയിലെ ആശുപത്രിയില്‍ പരിശോധന നടത്തി ഇയര്‍ഫോണ്‍ വെച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. കേള്‍വിയെ സഹായിക്കുന്ന കോക്ലിയയിലെ കോശങ്ങള്‍ക്ക് ആയിരുന്നു തകരാര്‍. ഇതിനിടെ രണ്ടാമത്തെ കുട്ടിയായ മിഹോക്കിനും സമാനമായ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ചെറിയ പ്രായത്തില്‍ തന്നെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ ചെയ്യുന്നതാണ് ഫലപ്രദമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും, ദിവസവേതനക്കാരനായ സോനുവിന് ഇരുമക്കളുടെയും ചികിത്സയ്ക്കായി 25 ലക്ഷത്തോളം രൂപ കണ്ടെത്തുക എന്നത് അസാധ്യമായിരുന്നു.

2nd paragraph

സര്‍ക്കാരിന്റെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ പദ്ധതിയില്‍ പേര് നല്‍കി കാത്തിരിക്കുകയായിരുന്നു സോനു. അതിനിടയിലാണ് ബോബിന പത്രത്തിലൂടെ ‘കാതോട് കാതോരം’ പദ്ധതിയെക്കുറിച്ച് അറിയുന്നത്. ഉടനെ കുടുംബത്തിന്റെ അവസ്ഥയും, കുട്ടികളുടെ വിവരവുമടക്കം കെയര്‍ ആന്‍ഡ് ഷെയര്‍ ഭാരവാഹികള്‍ക്ക് അപേക്ഷ നല്‍കി.

രാജഗിരി ആശുപത്രിയിലെ ഇഎന്‍ടി, ഹെഡ് ആന്റ് നെക്ക് സര്‍ജറി വിഭാഗം മേധാവി ഡോ. രാജേഷ് രാജു ജോര്‍ജിന്റെ നേതൃത്വത്തിലാണ് കുട്ടികളുടെ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇഎന്‍ടി സര്‍ജന്‍ ഡോ. സജിത്ത് അബ്രാഹാം, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. ജോജി ആന്റണി, ഇംപ്ലാന്റ് കോ ഓര്‍ഡിനേറ്റര്‍ എല്‍ജി എം മാത്യു, സീനിയര്‍ ഓഡിയോളജിസ്റ്റ് അബിന്‍ ലാസര്‍, സീനിയര്‍ സ്പീച്ച് തെറാപ്പിസ്റ്റ് സാറ പോള്‍ എന്നിവരടങ്ങുന്ന വിദഗ്ധ മെഡിക്കല്‍ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.

ഉള്‍ക്കാതിലെ തകരാറുകള്‍ മൂലം നിശബ്ദതയിലായവര്‍ക്ക് ശബ്ദതരംഗങ്ങളെ വൈദ്യുത സിഗ്‌നലുകളാക്കി നേരിട്ട് ശ്രവണനാഡിയിലേക്ക് എത്തിക്കുന്ന ആധുനിക കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സാങ്കേതികവിദ്യയാണ് കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിച്ചിരിക്കുന്നത്. ജന്മനാ കേള്‍വിശക്തിയില്ലാത്ത കുട്ടികളില്‍ എത്രയും നേരത്തെ ഇംപ്ലാന്റേഷന്‍ നടത്തുന്നത് അവര്‍ക്ക് സ്വാഭാവികമായ സംസാരശേഷി കൈവരിക്കാന്‍ സഹായിക്കുമെന്ന് ഡോക്ടര്‍ രാജേഷ് രാജു ജോര്‍ജ് പറഞ്ഞു. നിലവില്‍ ഓഡിറ്ററി വെര്‍ബല്‍ തെറാപ്പി പരിശീലനത്തിലാണ് മിഖായേലും മിഹോക്കും.