വിപണിയിലെ ക്രമക്കേടുകൾ തടയാൻ മിന്നൽ പരിശോധനയുമായി ലീഗൽ മെട്രോളജി ; പരാതികൾ അറിയിക്കാൻ കൺട്രോൾ റൂം തുറന്നു

ഓണക്കാലത്തോടനുബന്ധിച്ച് വിപണിയിലെ ക്രമക്കേടുകൾ തടയുന്നതിനും ഉപഭോക്താക്കളെ ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുമായി ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ താലൂക്കുകളിലും പ്രത്യേക മിന്നൽ പരിശോധന ആരംഭിച്ചു. അളവുതൂക്ക ഉപകരണങ്ങൾ യഥാസമയം മുദ്രപതിപ്പിക്കാതെ ഉപയോഗിക്കുക, മുദ്രപതിപ്പിച്ച സർട്ടിഫിക്കറ്റുകൾ സ്ഥാപനത്തിൽ പ്രദർശിപ്പിക്കാതിരിക്കുക, അളവിലോ തൂക്കത്തിലോ എണ്ണത്തിലോ കുറവ് വരുത്തി വിൽപ്പന നടത്തുക, നിശ്ചയിച്ചതിലും അധികവില ഈടാക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. പായ്ക്കറ്റ് ഉൽപ്പന്നങ്ങളിൽ നിർമ്മാതാവിന്റെയോ ഇറക്കുമതി ചെയ്ത ആളുടെയോ പൂർണ്ണ മേൽവിലാസം, ഉൽപ്പന്നത്തിന്റെ പേര്, അളവ്/തൂക്കം/എണ്ണം, പരമാവധി ചില്ലറ വിൽപ്പന വില (എം.ആര്‍.പി), ഒരു യൂണിറ്റിന്റെ വില (യു.എസ്.പി), നിർമ്മാണ തീയതി/ബെസ്റ്റ് ബിഫോര്‍/യൂസ് ബൈ ഡേറ്റ്, കസ്റ്റമർ കെയർ വിവരങ്ങൾ, ഇറക്കുമതി ചെയ്ത ഉല്‍പ്പന്നമാണെങ്കില്‍ ഉല്‍പ്പന്നം നിര്‍മിച്ച രാജ്യത്തിന്റെ പേര് എന്നിവ രേഖപ്പെടുത്താതിരിക്കുക, പാക്കറ്റിലെ വില തിരുത്തുകയോ മറയ്ക്കുകയോ ചെയ്യുക, ഉയർന്ന വിലയുടെ സ്റ്റിക്കർ പതിക്കുക തുടങ്ങിയവയും പരിശോധിക്കും.

കൂടാതെ, എൽ.പി.ജി വിതരണ വാഹനങ്ങളിൽ തൂക്ക ഉപകരണം സൂക്ഷിക്കാതിരിക്കുക, ഗ്യാസ് സിലിണ്ടറുകളിൽ തൂക്കക്കുറവ് വരുത്തുക, പെട്രോൾ പമ്പുകളിൽ അളവിൽ കുറവ് വരുത്തുക എന്നിവ ശ്രദ്ധയിൽപെട്ടാലും ലീഗൽ മെട്രോളജി വകുപ്പിനെ വിവരമറിയിക്കാം. എൽ.പി.ജി സിലിണ്ടറുകൾ വിതരണ വാഹനത്തിലെ തൂക്ക ഉപകരണത്തിൽ തൂക്കി ബോധ്യപ്പെടാനും, പെട്രോൾ പമ്പുകളിൽ വകുപ്പ് മുദ്രപതിച്ച അഞ്ച് ലിറ്റർ അളവ് പാത്രത്തിൽ ഇന്ധനം അളന്നു ബോധ്യപ്പെടാനും ഉപഭോക്താക്കൾക്ക് അവകാശമുണ്ട്.
കൺട്രോൾ റൂം തുറന്നു

പൊതുജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിക്കുന്നതിനായി മഞ്ചേരി മിനി സിവിൽ സ്റ്റേഷനിലെ ഡെപ്യൂട്ടി കൺട്രോളർ ഓഫീസിൽ ഓഗസ്റ്റ് 25 വരെ കൺട്രോൾ റൂം പ്രവർത്തിക്കും. പരാതികൾ അറിയിക്കേണ്ട ഫോൺ നമ്പറുകൾ: • കൺട്രോൾ റൂം: 0483 2766157 • ഡെപ്യൂട്ടി കൺട്രോളർ (ജനറൽ): 8281698093 • ഡെപ്യൂട്ടി കൺട്രോളർ (ഫ്ലയിംഗ് സ്ക്വാഡ്): 8281698103 • ഏറനാട് (അസിസ്റ്റന്റ് കൺട്രോളർ): 0483 2766157, 8281698094• ഇൻസ്പെക്ടർ സർക്കിൾ 2 മഞ്ചേരി: 8281698095 • നിലമ്പൂർ: 04931 223114, 8281698101 • തിരൂരങ്ങാടി: 0494 2464445, 8281698098 • തിരൂർ 1 & 2: 0494 2422800, 8281698096, 8281698097 • പൊന്നാനി: 0494 2665434, 8281698099 • കൊണ്ടോട്ടി: 0483 2714788, 9400064089
