മഴ കനത്താൽ NH 66 ൽ വെളളപ്പുക; വാട്ടർ സ്പ്രേയിൽ പതിയിരിക്കുന്ന അപകടം

വളാഞ്ചേരി: ദേശീയപാത 66-ൽ മഴക്കാല യാത്ര വലിയ മരണക്കെണിയാകുന്നു. ചെറിയൊരു മഴ പെയ്താൽ പോലും പാതയിൽ രൂപപ്പെടുന്ന കനത്ത വെള്ളക്കെട്ടും അശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനങ്ങളും കാരണം യാത്രക്കാർ അനുഭവിക്കുന്നത് കൊടുംദുരിതം. കോടികൾ ചെലവിട്ട് നവീകരണം പുരോഗമിക്കുന്ന പാതയിലാണ് ശാസ്ത്രീയമായ ഓവുചാലുകളുടെ അഭാവം മൂലം ഈ ദുരവസ്ഥ.

റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ വലിയ വാഹനങ്ങൾ അമിതവേഗതയിൽ കടന്നുപോകുമ്പോൾ തൊട്ടടുത്തുള്ള വാഹനങ്ങളിലേക്ക് ശക്തമായി വെള്ളം ചീറ്റിയൊഴുകുകയാണ്. വൈപ്പർ പരമാവധി വേഗതയിൽ പ്രവർത്തിപ്പിച്ചാൽ പോലും നിമിഷനേരത്തേക്ക് ഡ്രൈവർമാരുടെ കാഴ്ച പൂർണ്ണമായും മറയുന്നു. ചെറിയ മഴയത്തുപോലും ഉണ്ടാകുന്ന ഈ ‘ഫോഗ് പ്രഭാവം’ വലിയ തോതിലുള്ള വാഹനാപകടങ്ങൾക്ക് വഴിവെക്കുന്നുണ്ട്.
ഇരുചക്രവാഹന യാത്രക്കാരും ചെറു കാറുകളുമാണ് ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത്. റോഡിലെ വെള്ളക്കെട്ടിലൂടെ പോകുമ്പോൾ വാഹനം തെന്നിമാറുന്ന ‘ഹൈഡ്രോപ്ലാനിംഗ്’ (Hydroplaning) പ്രതിഭാസം സാധാരണമായിരിക്കുന്നു. ഇത് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുന്നതിനും തൊട്ടുപിന്നിലെ വാഹനങ്ങൾ വന്നിടിക്കുന്നതിനും കാരണമാകുന്നു.

പ്രധാന പാതയിൽ നിന്ന് ശാസ്ത്രീയമായി വെള്ളം പുറന്തള്ളാൻ സംവിധാനമില്ലാത്തതിനാൽ മഴവെള്ളം മുഴുവൻ സർവീസ് റോഡുകളിലേക്കാണ് കുത്തിയൊഴുകുന്നത്. ഇതോടെ സർവീസ് റോഡുകൾ ചെളിക്കുളമായി മാറി കാൽനടയാത്രയും പ്രദേശവാസികളുടെ സഞ്ചാരവും പൂർണ്ണമായും നിലച്ച മട്ടാണ്.
റോഡിൻ്റെ ചരിവുകളിലും ഓവുചാൽ നിർമ്മാണത്തിലും സംഭവിച്ച എഞ്ചിനീയറിംഗ് അപാകതകളാണ് വെള്ളക്കെട്ടിന് പ്രധാന കാരണമെന്ന് നാട്ടുകാരും വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
