മെസ്സിയുടെ പേരിലെ തട്ടിപ്പ്: ‘എഡിജിപി പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം; ഇന്ന് വൈകുന്നേരത്തോടെ ഉത്തരവിറങ്ങും’; രമേശ് ചെന്നിത്തല

ഇടുക്കി: ലിയോണല്‍ മെസ്സിയെ കേരളത്തില്‍ എത്തിക്കുമെന്ന് പറഞ്ഞുള്ള തട്ടിപ്പില്‍ എഡിജിപി പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം. ക്രൈംബ്രാഞ്ച്, വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ടാകും. കൂടുതല്‍ ഉദ്യോഗസ്ഥരെ പിന്നീട് ഉള്‍പ്പെടുത്തും. എസ്ഐടി ഉത്തരവ് വൈകിട്ടെന്നും തട്ടിപ്പില്‍ വിശദമായ അന്വേഷണമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് നിര്‍ദേശിച്ചുകൊണ്ടുള്ള കത്ത് തനിക്ക് ലഭിച്ചുവെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. കത്ത് നിയമോപദേശം തേടുന്നതിനായി കൊടുത്തു. അത് സംബന്ധിച്ച് നിയമോപദേശം ലഭിച്ചു. വിഷയത്തില്‍ ധാരാളം നിയമപ്രശ്നങ്ങള്‍ ഉണ്ടെന്ന് എനിക്ക് മനസിലായി. അതിന്റെ അടിസ്ഥാനത്തില്‍ എഡിജിപി പി വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എസ്പിയും ഡിവൈഎസ്പിയും അന്വേഷണ സംഘത്തിലുണ്ടാകും. ഇന്ന് വൈകുന്നേരത്തോടെ അതിന്റെ ഓര്‍ഡര്‍ ഇറങ്ങും. അന്വേഷിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വിശദമായ അന്വേഷണം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. എത്രയും പെട്ടന്ന് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടു – അദ്ദേഹം പറഞ്ഞു.
മെസ്സിയുടെ പേരില്‍ നടന്ന സാമ്പത്തിക ക്രമക്കേടില്‍ സ്പോണ്‍സറെ തിരഞ്ഞെടുത്തതില്‍ അടക്കമുള്ള കാര്യങ്ങള്‍ സമഗ്രമായി അന്വേഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സാമ്പത്തിക ഇടപാടുകള്‍ അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ വരും. അന്വേഷണ സംഘത്തെ തീരുമാനിക്കുന്നതില്‍ നിയമ തടസ്സം ഇല്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ആഭ്യന്തരവകുപ്പിന് നിയമോപദേശം നല്‍കിയിരുന്നു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തില്‍ എസ്ഐടിയെ രൂപീകരിച്ചാല്‍ എന്തെങ്കിലും തിരിച്ചടി ഉണ്ടാകുമോ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമോപദേശം തേടാനുള്ള ആഭ്യന്തരവകുപ്പിന്റെ തീരുമാനം. മെസ്സിയുടെ പേരില്‍ നടന്ന മുഴുവന്‍ കാര്യങ്ങളിലും സര്‍വ്വതലസ്പര്‍ശിയായ അന്വേഷണം ഉണ്ടാകും.

