Main Banner

ഓപ്പറേഷൻ ജലസുരക്ഷ: മാലിന്യം തള്ളുന്നത് കണ്ടാല്‍ ഇനി വാട്സ്ആപ്പ് നമ്പറിൽ പരാതിപ്പെടാം

ജലാശയങ്ങളിലേക്കുള്ള മാലിന്യ നിക്ഷേപം തടഞ്ഞ് ശുദ്ധജലം സംരക്ഷിക്കുന്നതിനായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ‘ഓപ്പറേഷൻ ജലസുരക്ഷ’ എന്ന പേരിൽ പ്രത്യേക കാമ്പയിൻ നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി ജലാശയങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പരിശോധന കർശനമാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു.

1 st paragraph

കാമ്പയിന്റെ ഒന്നാം ഘട്ടമായി കേരള പഞ്ചായത്ത് രാജ്, മുനിസിപ്പൽ നിയമങ്ങളിലെ ശിക്ഷാ നടപടികളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കും. നിലവിൽ കുറ്റം ചെയ്യുന്നവരോട് ഇതിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെടും. ജനപ്രതിനിധികൾ വഴിയും ദൃശ്യ-ശ്രവ്യ-സാമൂഹിക മാധ്യമങ്ങള്‍ വഴിയും വ്യാപക പ്രചാരണം നടത്തും. രണ്ടാഴ്ചയ്ക്ക് ശേഷം ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ ജില്ലയിലെ 106 തദ്ദേശ സ്ഥാപനങ്ങളിലും ഒരേദിവസം എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ പരിശോധന നടത്തും. കുറ്റക്കാർക്കെതിരെ പിഴ ചുമത്തുന്നതും കേസ് രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കും.

ജലാശയങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതും മലിനജലം ഒഴുക്കിവിടുന്നതും കേരള പഞ്ചായത്ത് രാജ് നിയമം 219 എസ്, കേരള മുനിസിപ്പൽ നിയമം 340 എ എന്നിവ പ്രകാരം കുറ്റകരമാണ്. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് ആറുമാസം മുതൽ ഒരു വർഷം വരെ തടവും 10,000 രൂപ മുതൽ 50,000 രൂപ വരെ പിഴയും ശിക്ഷ ലഭിക്കും.

2nd paragraph

ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് ഫോട്ടോ സഹിതം 9446700800 എന്ന വാട്സ്ആപ്പ് നമ്പറിൽ പരാതിപ്പെടാം. വിവരങ്ങൾ നൽകുന്നവർക്ക് ഈടാക്കുന്ന പിഴത്തുകയുടെ 25 ശതമാനം പാരിതോഷികമായി ലഭിക്കും. കുടിവെള്ളം മലിനമാക്കുന്നവർ അത്തരം പ്രവർത്തനങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കണമെന്നും കാമ്പയിനുമായി പൊതുജനം സഹകരിക്കണമെന്നും ജോയിന്റ് ഡയറക്ടർ അഭ്യർഥിച്ചു.