Main Banner

‘അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പരസ്പരം പോരടിക്കുമ്പോള്‍ അതില്‍ നിന്നും ലാഭംകൊയ്യാന്‍ ചിലര്‍ കാത്തിരിക്കുന്നു’; സമകാലിക വിവാദങ്ങളിൽ പ്രതികരിച്ച് സാദിഖലി തങ്ങൾ

കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ തൻ്റെ അനുയായികൾക്ക് നൽകിയ സർക്കുലറിനെ ചുറ്റിപ്പറ്റി ഉടലെടുത്ത വിവാദം വലിയ രീതിയിൽ വിദ്വേഷ പ്രചാരണത്തിലേക്കും വേർതിരിവിലേക്കും മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ചയും എത്തിച്ചിരിക്കുകയാണ്. നേരത്തെ കാന്തപുരത്തിന് പിന്തുണ നൽകിയ പാണക്കാട് സാദിഖലി തങ്ങൾ വിഷയത്തിൽ പതിയിരിക്കുന്ന അപകടം ചൂണ്ടിക്കാട്ടി ഫേസ്ബുക്കിൽ പ്രതികരിച്ചിരിക്കുകയാണ്. സമൂഹത്തിലെ വേർതിരിവ് ഉണ്ടാക്കുന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരെയാണ് തങ്ങളുടെ കുറിപ്പ്.

 

1 st paragraph

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ഫേസ് ബുക്ക് കുറിപ്പിൻ്റെ പൂർണ്ണ രൂപം :

 

കൊമ്പുകോര്‍ക്കുന്ന മാനുകളുടെയും ചോരകുടിക്കാന്‍ കാത്തിരിക്കുന്ന ചെന്നായയുടെയും കഥ നമുക്ക് അധ്യാപകര്‍ പറഞ്ഞുതന്നത് വലിയൊരു പാഠം പഠിപ്പിക്കാനായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പരസ്പരം പോരടിക്കുമ്പോള്‍ അതില്‍ നിന്നും ലാഭംകൊയ്യാന്‍ ചിലര്‍ കാത്തിരിക്കുന്നുവെന്ന പാഠം. കേരളത്തിലെ സമകാലിക വിവാദങ്ങളും അതിനെ ചുറ്റിപ്പറ്റി സമൂഹത്തില്‍ പ്രസരിക്കുന്ന വെറുപ്പും കാണുമ്പോള്‍ ആ കഥയാണ് വീണ്ടും മനസ്സിലേക്ക് വരുന്നത്.

2nd paragraph

വര്‍ഷങ്ങളുടെ പോരാട്ടംകൊണ്ട് ഒരു ജനതയെന്ന നിലയില്‍ നാം നേടിയെടുത്ത സാംസ്‌കാരിക പൈതൃകത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന ചര്‍ച്ചയാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലും കമന്റുകളിലും നിറയുന്ന മതംപറഞ്ഞുള്ള കളിയാക്കലുകളും അപക്വമായ വിദ്വേഷ വര്‍ത്തമാനങ്ങളും ആര്‍ക്കും ഒരു ഗുണവും ചെയ്യുന്നതല്ല. ആശയപരമായ സംഘട്ടനം നടക്കേണ്ടത് ഇത്തരം ചെളിവാരിയെറിയലുകള്‍കൊണ്ടല്ല, പരസ്പര ബഹുമാനത്തിലൂന്നിയുള്ള സംവാദത്തിലൂടെയാണ്.

ഒന്നോര്‍ക്കുക, മനുഷ്യര്‍ തമ്മില്‍ അകന്ന് നില്‍ക്കാനുള്ളതിനേക്കാള്‍ വലിയ കാരണങ്ങള്‍ ചേര്‍ന്ന് നില്‍ക്കാനുണ്ട്. നമ്മുടെ കേരളത്തെ കെട്ടിപ്പടുക്കുന്ന, സാമ്പത്തിക നേട്ടങ്ങളുണ്ടാക്കാനുള്ള നിര്‍മാണാത്മക പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ഇത്തരം സംഘട്ടനങ്ങള്‍ ഒട്ടും ആശാവഹമല്ല. നമുക്ക് പറ്റാവുന്നത്ര അടുത്തുനില്‍ക്കാം. വിദ്വേഷ വര്‍ത്തമാനക്കാരോട് അകലം പാലിക്കാം.