ഒക്ടോബര്‍ ഒന്നിന് മലപ്പുറത്തെ മുഴുവന്‍ ഓഫീസുകളിലും ശുചീകരണ പ്രവര്‍ത്തനം നടത്തും

സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശപ്രകാരം നടപ്പിലാക്കുന്ന ‘സ്വച്ഛതാ ഹി സേവ’, ‘കയ്യോട് കൈ’ ശുചിത്വ പ്രചാരണ ക്യാംപയിന്റെ ഭാഗമായി ഒക്ടോബര്‍ ഒന്നിന് ജില്ലയിലെ മുഴുവന്‍ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും വിപുലമായ ശുചീകരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍, കളക്ടറേറ്റ് സമുച്ചയം, മറ്റ് സബ് ഓഫീസുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, സ്കൂളുകള്‍, കോളെജുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഒക്ടോബര്‍ ഒന്നിന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഹരിതകര്‍മ്മ സേനയുടെയും സഹകരണത്തോടെയായിരിക്കും ശുചീകരണം പൂര്‍ത്തിയാക്കുക. സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനങ്ങളും ഗ്രീന്‍ പ്രോട്ടോക്കോളും കര്‍ശനമായി പാലിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. സ്ഥാപനങ്ങളിലെ അജൈവ മാലിന്യങ്ങള്‍ പ്രതിമാസം 100 രൂപ യൂസര്‍ ഫീ നല്കി ഹരിതകര്‍മ്മ സേനയ്ക്ക് നിര്‍ബന്ധമായും കൈമാറണം.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ജില്ലയിലെ മാലിന്യ ശേഖരണ കവറേജ് 80 ശതമാനത്തില്‍ നിന്ന് 92 ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. ഇത് നൂറു ശതമാനത്തില്‍ എത്തിക്കാന്‍ എല്ലാ വകുപ്പുകളുടെയും പൂര്‍ണ്ണ സഹകരണം ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.

ശുചിത്വ നിര്‍ദേശങ്ങളും ഗ്രീന്‍ പ്രോട്ടോക്കോളും പാലിക്കാത്ത ഓഫീസുകളിലും സ്ഥാപനങ്ങളിലും നവംബര്‍ മാസം മുതല്‍ കര്‍ശന പരിശോധന ആരംഭിക്കും. മാലിന്യ സംസ്കരണ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ ശക്തമാക്കുമെന്നും കഴിഞ്ഞ മൂന്ന് മാസത്തിനിടെ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്നായി 40 ലക്ഷത്തോളം രൂപ പിഴയായി ഈടാക്കിയിട്ടുണ്ടെന്നും എല്‍.എസ്.ജി.ഡി.ജോയിന്റ് ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു.
