ഹരിത മിത്രം സർവീസിൽ വലിയ മുന്നേറ്റം കാഴ്ച വച്ച് മലപ്പുറം ജില്ല

മലപ്പുറം ജില്ലയിൽ ഹരിത കർമ സേനയുടെ അജൈവ മാലിന്യ ശേഖരണത്തിൽ കഴിഞ്ഞ മൂന്ന് മാസമായി ഉയർന്ന പുരോഗതി ഉണ്ടാക്കാൻ സാധിച്ചതായി തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയന്റ് ഡയറക്ടർ അറിയിച്ചു.

കഴിഞ്ഞ മാസം മുതൽ ഹരിതമിത്രം സർവീസുകൾ മോണിറ്റർ ചെയ്യുന്നതിനായി ബ്ലോക്ക് തലത്തിൽ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ അവലോകന യോഗങ്ങൾ ചേരുകയും ബ്ലോക്ക് തലത്തിലെ മികച്ച തദ്ദേശസ്ഥാപനങ്ങൾക്ക് പുരസ്ക്കാരം നൽകി ആദരിക്കുകയും ചെയ്തു.
കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള അജൈവ മാലിന്യ ശേഖരണം 73% ൽ നിന്നും 94% ലേക്കെത്തി. ആകെ യുസർ ഫീ 3.54 കോടിയിൽ നിന്നും 4.67 കോടി ആയും യൂസർ ഫീ അടക്കുന്നവരുടെ എണ്ണം 591000ൽ നിന്നും 706000 ആയും വർദ്ധിച്ചു.

കഴിഞ്ഞ മാസം 94 ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള 3222 ടണ്ണും 12 നഗരസഭകളിൽ നിന്നുള്ള 850 ടണ്ണും അടക്കം ആകെ 4072 ടൺ അജൈവ മാലിന്യം ശേഖരിച്ചു.
വരുന്ന രണ്ടു മാസങ്ങളിലായി യൂസർ ഫീ കളക്ഷൻ വർധിപ്പിക്കുന്നതിനായി പ്രത്യേക ക്യാംപയിൻ സംഘടിപ്പിക്കും.
തദ്ദേശസ്ഥാപനങ്ങളിൽ നിന്നും വിവിധ സേവനങ്ങൾ നൽകുമ്പോൾ യൂസർ ഫീ അടച്ചു എന്ന് ഉറപ്പാക്കും.
കുടിശ്ശിക ഉള്ളവർക്ക് നോട്ടീസ് അയക്കും. ജനപ്രതിനിധികൾ , ഉദ്യോഗസ്ഥർ, എൻ.എസ്.എസ്. വിദ്യാർഥികൾ തുടങ്ങിയവരെ ഉൾപ്പെടുത്തി വിവിധ ബോധവത്ക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.
കഴിഞ്ഞ മാസത്തിൽ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ സംഘടിപ്പിച്ച 3614 പരിശോധനകളിലായി 613 കേസുകളിൽ നടപടി സ്വീകരിച്ചു. 440 കേസുകളിലായി 1875000 രൂപ പിഴ ചുമത്തുകയും, ഇതിൽ 293 കേസുകളിൽ നിന്നായി 885000 രൂപ പിഴ ഈടാക്കുകയും ചെയ്തു. പിഴ അടക്കാത്തവർക്കെതിരെ തുടർ നിയമ നടപടികൾ സ്വീകരിക്കും.
കേന്ദ്ര സർക്കാരിന്റെ ‘സ്വചഛതാ ഹേ സേവാ’ ക്യാംപയിന്റെയും സംസ്ഥാന സർക്കാരിന്റെ ‘കൈയ്യോട് കൈ’ ക്യാംപയിന്റേയും ഭാഗമായി നടത്തിയ ശുചീകരണ , ബോധവതത്ക്കരണ പ്രവർത്തനങ്ങളിൽ ബ്ലോക്ക്തലത്തിൽ മികച്ച പ്രകടനം നടത്തിയ ഒരു ഗ്രാമപഞ്ചായത്തിനേയും ജില്ലാതലത്തിൽ രണ്ട് നഗരസഭകളേയും പുരസ്ക്കാരം നൽകി ആദരിക്കും.
