മലപ്പുറത്ത് ഭരണഭാഷാ വാരാഘോഷത്തിനും പച്ചമലയാളം മൂന്നാം ബാച്ചിനും തുടക്കമായി

മലയാളദിനാചരണത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനവും പച്ചമലയാളം കോഴ്സ് മൂന്നാം ബാച്ചിന്റെ ക്ലാസ് ഉദ്ഘാടനവും കോട്ടപ്പടി ഗവ. ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്നു. സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ.എ.പി. അഹമ്മദുൽ കബീർ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും പഠിതാക്കൾക്കുള്ള പാഠപുസ്തക വിതരണം നിർവ്വഹിക്കുകയും ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആബിദ എട്ടുവീട്ടിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ഭരണകൂടവും ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കേരളപ്പിറവിയുടെ 70-ാം വാർഷികത്തോടനുബന്ധിച്ച് നവംബർ ഒന്ന് മലയാള ദിനമായും നവംബർ ഒന്നു മുതൽ ഏഴു വരെ ഭരണഭാഷാ വാരമായുമാണ് സംസ്ഥാനത്ത് ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി ഉത്ബോധന പ്രസംഗങ്ങൾ, ചർച്ചകൾ, സെമിനാറുകൾ, മത്സരങ്ങൾ, ഭരണഭാഷാ പുരസ്കാര ജേതാക്കളെ ആദരിക്കൽ തുടങ്ങിയ വിവിധ പരിപാടികൾ ജില്ലയിൽ നടക്കും. ഔപചാരിക വിദ്യാഭ്യാസത്തിലൂടെ മലയാളം പഠിക്കാൻ സാധിക്കാത്തവർക്കായി സംസ്ഥാന സാക്ഷരതാ മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്നാണ് ‘പച്ചമലയാളം’ കോഴ്സ് നടപ്പിലാക്കുന്നത്.
ചടങ്ങിൽ സംസ്ഥാന സാക്ഷരതാ മിഷൻ അസി. ഡയറക്ടർ കെ. മുഹമ്മദ് ഫവാസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.റഷീദ് ബാബു,, സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ അബ്ദുൾ റഷീദ് ചോല, അസിസ്റ്റന്റ് കോ ഓർഡിനേറ്റർമാരായ പി.വി. ശാസ്ത പ്രസാദ്, എം. മുഹമ്മദ് ബഷീർ, പി.കെ.അബ്ദുൾ ഹക്കിം, ടി.ജിബിൻഷ, പി.അജിതകുമാരി, ഹേമലത തുടങ്ങിയവർ സംസാരിച്ചു.

വാരാഘോഷത്തിന്റെ സമാപന സമ്മേളനം നവംബർ ആറിന് രാവിലെ 10 മണിക്ക് ആസൂത്രണ ഭവൻ ഹാളിൽ നടക്കും. ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ പ്രശസ്ത കവി വീരാൻകുട്ടി മുഖ്യപ്രഭാഷണം നടത്തും.
