Main Banner

ഇസ്ലാം മാനവികതയുടെ മതം :യൂസഫ് ഉമരി, ജമാഅത്തെ ഇസ്ലാമി തിരൂർ ഏരിയാ സമ്മേളനം സമാപിച്ചു

​തിരൂർ: വർഗ-വർണ വ്യത്യാസമില്ലാതെ മനുഷ്യരാശിയെ ഒന്നായി കാണുന്ന മാനവികതയുടെ മതമാണ് ഇസ്ലാമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേന്ദ്ര പ്രതിനിധി സഭാംഗം യൂസഫ് ഉമരി പ്രസ്താവിച്ചു. “ഇസ്ലാമിക പ്രതിനിധാനത്തിന്റെ കർമസാക്ഷ്യം” എന്ന പ്രമേയത്തിൽ തിരൂർ വാഗൺ ട്രാജഡി ടൗൺഹാളിൽ നടന്ന ജമാഅത്തെ ഇസ്ലാമി തിരൂർ ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

1 st paragraph

​ഭൗതികമെന്നോ ആത്മീയമെന്നോ വേർതിരിവില്ലാത്ത ജീവിത വ്യവസ്ഥയാണ് പ്രവാചകന്മാർ ലോകത്തിന് പരിചയപ്പെടുത്തിയത്. സൃഷ്ടാവ് മനുഷ്യർക്ക് ആവശ്യമായ ഭൗതിക വിഭവങ്ങൾക്കൊപ്പം തന്നെ സന്തുലിതമായ ജീവിത വ്യവസ്ഥയും നൽകിയിട്ടുണ്ട്. പ്രവാചകന്മാർ പ്രബോധനം ചെയ്ത സമഗ്ര ഇസ്ലാമിനെ ലോകത്തിന് പരിചയപ്പെടുത്തുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ഏരിയാ പ്രസിഡന്റ് ഹംസ ഉമരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ‘സുഗന്ധമുള്ള ജീവിതം’ എന്ന വിഷയത്തിലുള്ള വീഡിയോ പ്രസന്റേഷൻ ജമാഅത്തെ ഇസ്ലാമി മലപ്പുറം ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ അവതരിപ്പിച്ചു. തുടർന്ന് പ്രസ്ഥാനത്തിന്റെ ചരിത്ര നാൾവഴികൾ പ്രതിപാദിക്കുന്ന ‘ഹംസഫർ’ ഡോക്യുഫിക്ഷൻ പ്രദർശനവും, സദസ്യരുടെ ചോദ്യങ്ങൾക്ക് യൂസഫ് ഉമരി, സക്കീർ ഹുസൈൻ തുവ്വൂർ എന്നിവർ പങ്കെടുത്ത ചോദ്യോത്തര സെഷനും നടന്നു.

2nd paragraph

​ജമാഅത്തെ ഇസ്ലാമി മലപ്പുറം വെസ്റ്റ് ജില്ലാ സമിതി അംഗം ഇ.വി. അബ്ദുസ്സലാം ഖുർആൻ ക്ലാസ് നയിച്ചു. അൻഷിദയുടെ ഗാനാലാപനത്തോടെ ആരംഭിച്ച സമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് മുഹ്സിന ജഹാൻ സമാപന പ്രസംഗം നടത്തി. സമ്മേളന കൺവീനർ അർഷദ് സ്വാഗതവും ഏരിയാ വൈസ് പ്രസിഡന്റ് ബഷീർ വെട്ടം നന്ദിയും രേഖപ്പെടുത്തി.