കുറ്റിപ്പുറം താലൂക്ക് ആശുപത്രി പുതിയ കെട്ടിട നിർമ്മാണം അവസാന ഘട്ടത്തിൽ

കുറ്റിപ്പുറം: കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിക്ക് മാസ്റ്റർ പ്ലാൻ അനുസരിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തികൾ അവസാന ഘട്ടത്തിലെത്തി. നിർമ്മാണ പുരോഗതി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നേരിട്ടെത്തി വിലയിരുത്തി. നിലവിൽ 75 ശതമാനം പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. പെയിന്റിംഗ്, ഫ്ലോറിംഗ്, ഇലക്ട്രിക്കൽ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. നിർമ്മാണ പ്രവൃത്തികൾ ത്വരിതപ്പെടുത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികളും എം.എൽ.എ നിർദ്ദേശിച്ചു. പുതിയ

കെട്ടിടത്തിൽ ചികിത്സക്കായി ഒരുക്കേണ്ട അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പ്രൊപ്പോസൽ തയ്യാറാക്കി സമർപ്പിക്കാൻ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി .
ആശുപത്രി കെട്ടിട നിർമ്മാണത്തിന്റെ പുരോഗതി എല്ലാ മാസവും ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന ജില്ലാ വികസന സമിതി യോഗങ്ങളിൽ എം.എൽ.എ അവലോകനം ചെയ്യാറുണ്ട്. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവരുമായി ബന്ധപ്പെട്ട് പ്രവൃത്തികൾ സമയബന്ധിതമായി മുന്നോട്ടുപോകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നിരന്തര ഇടപെടലുകൾ നടത്തിവരുന്നുണ്ട്.

നിയോജക മണ്ഡലത്തിൽ നടപ്പാക്കേണ്ട വികസന പദ്ധതികളുടെ പട്ടികയിൽ ഉൾപ്പെടുത്തി എം.എൽ.എ നൽകിയ ശുപാർശ പരിഗണിച്ചാണ് നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് XXIX 2023-24 പ്രകാരം 17 കോടി 85 ലക്ഷം രൂപ കെട്ടിട നിർമ്മാണത്തിന് അനുവദിച്ചത്.
പൊതുമരാമത്ത് കെട്ടിട വിഭാഗം തയ്യാറാക്കിയ രൂപരേഖ പ്രകാരം 4,419 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ നാല് നിലകളിലായാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
പ്രതിദിനം ആയിരത്തിലേറെ രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിൽ കെട്ടിടത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും അപര്യാപ്തത പരിഹരിക്കണമെന്ന ആവശ്യവുമായി മന്ത്രിതലത്തിലും സർക്കാർ തലത്തിലും എം.എൽ.എ നിരന്തര ഇടപെടലുകൾ നടത്തിയിരുന്നു. ഈ വിഷയം നിയമസഭയിൽ നിരവധി തവണ സബ്മിഷനുകളായും ഉന്നയിച്ചിട്ടുണ്ട്. ആശുപത്രിയുടെ സമഗ്ര വികസനത്തിനും രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള ഇടപെടലുകളുടെ ഭാഗമായാണ് പുതിയ കെട്ടിട പദ്ധതി യാഥാർഥ്യമാകുന്നത്.
കാഷ്വാലിറ്റി , ഒ.പി , ഫാർമസി ,ഇൻജക്ഷൻ റൂം , പ്ലാസ്റ്റർ റും , ഇസിജി റും , ടോയ്ലറ്റ് ബ്ലോക്ക് എന്നിവയാണ് ഗ്രൗണ്ട് ഫ്ലോറിൽ ഒരുക്കുന്നത് . ഒന്നാം നിലയിൽ ലേബർ റൂം ഓപ്പറേഷൻ തീയേറ്റർ , ജനറൽഓപ്പറേഷൻ തീയേറ്റർ ,പ്രീ-ഓപ്പറേറ്റീവ് വാർഡ് , നഴ്സിംഗ് സ്റ്റേഷൻ , ന്യൂ ബോൺ ഐ.സി യു എന്നിവയും രണ്ടാം നിലയിൽ പീഡിയാട്രിക് വാർഡ്, വാർഡിലേക്കുള്ള ടോയ്ലറ്റ് ബ്ലോക്ക് , നഴ്സിംഗ് സ്റ്റേഷൻ , ഡോക്ടേഴ്സ് വിശ്രമ മുറി , ഗൈനക്കോളജി ഒ പി , വീഡിയാട്രിക് ഒ പി , ലബോറട്ടറി , ജനറൽ ഐ.സി. യു , പീഡിയാട്രിക് ഐ.സി യു എന്നിവ സജ്ജീകരിക്കും . മൂന്നാം നിലയിൽ പുരുഷ വാർഡ് , നഴ്സിംഗ് സ്റ്റേഷൻ , മെഡിക്കൽ ഓഫീസർ റും , ഓഫീസ് റൂം , പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് , സ്ത്രീകളുടെ വാർഡ് തുടങ്ങിയവയാണ് സജ്ജീകരിക്കുന്നത്. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ യോഗവും ചേർന്നു.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആസാദ് അജയ് എ.വി ,പഞ്ചായത്ത് പ്രസിഡൻ്റ് കൈപ്പള്ളിയുടെ അബ്ദുള്ളക്കുട്ടി , പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റിജിത ഷലീജ് , ബ്ലോക്ക് , ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളായ അബ്ദുൽ കരീം , റഷീദ് കിഴിശ്ശേരി ,ലിജി ജാസ്മിൻ പരപ്പാര , കെ പി സക്കീർ , കെ.പി അസീസ് , സുലൈമാൻ പിലാത്തേത്ത് , വഹീദ ,മുംതാസ്, ജസീന, മെഡിക്കൽ ഓഫീസർ ഡോ. നിഷ പരപ്പാര സിദ്ദീഖ് , സയ്യിദ് ഫസൽ അലി സഖാഫ് തങ്ങൾ , ഹുസൈൻ കൊട്ടിലുങ്ങൽ , എംസി ഹമീദ് , ഹമീദ് നടുവട്ടം , ടി.പി ഇബ്രാഹീം ,ഷമീർ ടി , പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ വിനു ജോസ് , അസിസ്റ്റൻ്റ് എഞ്ചിനീയർ മുഹമ്മദ് ഹിഷാം , ഇലക്ട്രിക്കൽ എഞ്ചിനീയർ ജിനേഷ് , ബ്ലോക്ക് പഞ്ചായത്ത് ഓവർസിയർ രാജീവ് തുടങ്ങിയവരും എച്ച്. എം സി അംഗങ്ങളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരും യോഗത്തിൽ പങ്കെടുത്തു
