ജീവിതശൈലീ രോഗനിർണയം: ‘ഹൃദയരാഗം’ പൈലറ്റ് സർവെയ്ക്ക് മൂത്തേടത്ത് തുടക്കമായി

സംസ്ഥാന സർക്കാരിന്റെ ജീവിതശൈലീ രോഗനിർണയ-നിയന്ത്രണ പരിപാടിയായ ‘ഹൃദയരാഗം’ പദ്ധതിയുടെ പൈലറ്റ് സർവെയ്ക്ക് നിലമ്പൂർ നിയോജക മണ്ഡലത്തിൽ തുടക്കമായി. മൂത്തേടം ഗ്രാമപഞ്ചായത്തിലെ കൽക്കുളം വാർഡിൽ നടന്ന പരിപാടി ആര്യാടൻ ഷൗക്കത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഫ്സത്ത് അധ്യക്ഷയായി. സംസ്ഥാനത്ത് നിലമ്പൂർ, വട്ടിയൂർക്കാവ്, ഇടുക്കി നിയോജക മണ്ഡലങ്ങളിലാണ് ഈ പദ്ധതി ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായാണ് മൂത്തേടത്ത് പൈലറ്റ് സർവെയ്ക്ക് തുടക്കം കുറിച്ചത്.

ആരോഗ്യപ്രവർത്തകർ, ആശാപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവരടങ്ങുന്ന സംഘം വാർഡിലെ വീടുകൾ സന്ദർശിച്ച് 18 വയസ്സിനു മുകളിലുള്ള വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കും. നവീന സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഇവരുടെ നിലവിലെ ജീവിതശൈലികളും ശാരീരിക അവസ്ഥയും വിലയിരുത്തി ഹെൽത്ത് സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കുകയും പ്രാഥമിക നിർദേശങ്ങൾ നൽകുകയും ചെയ്യും. ആവശ്യമുള്ളവർക്ക് തുടർചികിത്സയ്ക്കുള്ള സംവിധാനം ഇ-ഹെൽത്ത് പോർട്ടൽ വഴി ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജീവിതശൈലീ രോഗങ്ങൾ നേരത്തെ കണ്ടുപിടിക്കാനും ചികിത്സ ആരംഭിച്ച് പൊതുജനങ്ങളുടെ ആരോഗ്യനിലവാരം മെച്ചപ്പെടുത്താനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
ബ്ലോക്ക് പരിധിയിലെ ആരോഗ്യപ്രവർത്തകരും ആശാപ്രവർത്തകരും 33 ക്ലസ്റ്ററുകളായി തിരിഞ്ഞ് ഒരു ദിവസം പത്തോളം വീടുകൾ സന്ദർശിച്ചാണ് വിവരങ്ങൾ ശേഖരിക്കുന്നത്. പൈലറ്റ് പ്രവർത്തനങ്ങൾ വിലയിരുത്തി പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ മാറ്റങ്ങൾ വരുത്തും. പരിപാടിയിൽ നഗരസഭാ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ റസിയ മോൾ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. വിനോദ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജാനിഫ്, എൻ.സി.ഡി ജില്ലാ നോഡൽ ഓഫീസറും ഡെപ്യൂട്ടി ഡി.എം.ഒയുമായ ഡോ. വി. ഫിറോസ് ഖാൻ, ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ. കെ.കെ പ്രവീണ, മൂത്തേടം എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ടി.കെ ജാബിദ്, ഡോ. ജൗഹർ, ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ (ആരോഗ്യം) പി. രാജൻ, ചുങ്കത്തറ ബ്ലോക്ക് എച്ച്.എസ് ഇൻ ചാർജ് ജോസഫ് ഫ്രാൻസിസ്, ഹെൽത്ത് ഇൻസ്പെക്ടർ ഷമീൽ ബാബു, ജെ.എച്ച്.ഐമാരായ രാജേഷ്, ശ്രീജ, സൂര്യ തുടങ്ങിയവർ പങ്കെടുത്തു.

