എം.സി കമറുദ്ദീൻ ജയിൽ മോചിതനായി

കണ്ണൂർ: ഫാഷൻ ഗോൾഡ്​ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്​ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന എം.സി കമറുദ്ദീൻ എം.എൽ.എ ജയിൽ മോചിതനായി. 42 വർഷം കറപുരളാത്ത കരങ്ങളുമായി രാഷ്​ട്രീയ പ്രവർത്തനം നടത്തിയ തന്നെ ഒരു തട്ടിപ്പ്​ കേസിൽ പ്രതിയാക്കിയവർക്ക്​ കാലവും ചരിത്രവും മാപ്പു നൽകില്ലെന്നും അവർ അതിന്​ കനത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന്​ പുറത്തു വന്ന ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാഞ്ഞങ്ങാട്​ കേന്ദ്രീകരിച്ച്​ നടന്ന ഗൂഡാലോചനയുടെ ഇരയാണ്​ താനെന്നും മഞ്ചേശ്വരത്തെ ഭൂരിപക്ഷം വർധിപ്പിച്ചതുമുതൽ തുടങ്ങിയ ഗൂഡാലോചനയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു പത്രക്കാരനും ഗൂഡാ​ ലോചനയുടെ ഭാഗമായിട്ടുണ്ടെന്നും കൂടുതൽ വിശദാംശങ്ങൾ പിന്നീട്​ പറയാമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ സ്​ഥാനാർഥിയാകുമോ എന്ന ചോദ്യത്തിന്​ പാർട്ടി തീരുമാനിക്കുമെന്നായിരുന്നു മറുപടി. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും മാറി നിൽക്കാൻ ആവശ്യപ്പെട്ടാൽ മാറി നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫാഷൻ ഗോൾഡ്​ തട്ടിപ്പ്​ കേസിൽ ജയിലിൽ കഴിയുന്ന മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീന്​​ അവസാനത്തെ ആറു കേസുകളിൽ ഇന്നലെയാണ്​ ജാമ്യം ലഭിച്ചത്​. അതോടെ അദ്ദേഹം പ്രതിയായ 148 കേസുകളിലും​ ജാമ്യമായി​.

ജാമ്യവ്യവസ്​ഥയനുസരിച്ച്​, അദ്ദേഹം പ്രതിയായ കേസുകളുള്ള പൊലീസ്​ സ്​റ്റേഷൻ പരിധികളിൽ പ്രവേശിക്കാൻ പാടില്ല. ചന്തേര, പയ്യന്നൂർ, കാസർകോട്​, ബേക്കൽ, കാഞ്ഞങ്ങാട്​ സ്​റ്റേഷൻ പരിധികളിൽ കേസുകളുണ്ട്​. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ പ്രവേശിക്കാം.

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ നവംബര്‍ ഏഴിനാണ് മഞ്ചേശ്വരം എം.എൽ.എ എം.സി. കമറുദീനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ച സ്വർണവും പണവും തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലായിരുന്നു അറസ്റ്റ്.

2007ൽ രജിസ്റ്റർ ചെയ്ത സ്ഥാപനം ഓഹരിയായല്ല പണം കൈപ്പറ്റിയതെന്നാണ് ഫാഷൻ ഗോൾഡിനെതിരായ പ്രധാന ആക്ഷേപം. നിക്ഷേപിക്കുന്ന പണത്തിന് ഓരോ മാസവും നിശ്ചിത തുക ലാഭ വിഹിതമായി നൽകാമെന്ന കരാർ പ്രകാരമാണ് പണം സ്വീകരിച്ചതെന്നും പരാതിയുണ്ട്.

കേസിൽ നാലു പ്രതികളാണുള്ളത്​. സ്​ഥാപനത്തി​ന്റെ മാനേജിങ്​ ഡയറക്​ടർ പൂക്കോയ തങ്ങളാണ് മുഖ്യപ്രതി​. കേസന്വേഷിക്കാൻ പ്രത്യേക ​അന്വേഷണ സംഘത്തെയാണ്​ സർക്കാർ നിയോഗിച്ചത്​. എന്നാൽ, ഖമറുദ്ദീ​ന്റെ അറസ്​റ്റോടെ അന്വേഷണം നിലച്ച നിലയിലായി. പൂക്കോയ തങ്ങളുടെ മകൻ ഇഷാം, ജനറൽ മാനേജർ സൈനുൽ ആബിദ്​ എന്നിവരെല്ലാം അറസ്​റ്റിനു പുറത്തായി