താനൂർ ഹാർബർ; ഉദ്ഘാടനം കഴിഞ്ഞു. പ്രവേശനം നിരോധിച്ചു.
താനൂരിൽ 86 കോടി ചെലവഴിച്ചാണ് ഹാർബർ നിർമിക്കുന്നത്. അടിസ്ഥാനസൗകര്യങ്ങൾ പോലും ഒരുക്കാതെ തിടുക്കപ്പെട്ട് ഹാർബർ ഉദ്ഘാടനംചെയ്തത് എം.പി. അഷ്‌റഫ് പറഞ്ഞു.
താനൂർ: മുഖ്യമന്ത്രി പിണറായിവിജയൻ കഴിഞ്ഞദിവസം ഉദ്ഘാടനംചെയ്ത് മത്സ്യത്തൊഴിലാളികൾക്കായി തുറന്നുകൊടുത്ത താനൂർ ഹാർബർ സാങ്കേതിക തടസ്സങ്ങളെത്തുടർന്ന് ചൊവ്വാഴ്ച പ്രവർത്തിച്ചില്ല. തിങ്കളാഴ്ച ഉദ്ഘാടനംചെയ്ത് തുറന്നെങ്കിലും ചൊവ്വാഴ്ച രാവിലെ അധികൃതർ ഇടപെട്ട് ഹാർബർ മേഖലയിലേക്കുള്ള പ്രവേശനം നിരോധിക്കുകയായിരുന്നു.
നിർമാണത്തിനിടെ ബീമുകൾക്ക് മുട്ട് നൽകിയ കമ്പികൾ മാറ്റുന്നതിന് വേണ്ടിയാണ് ഹാർബർ താത്‌കാലികമായി അടച്ചതെന്ന് വി. അബ്ദുറഹ്‌മാൻ എം.എൽ.എ. പറഞ്ഞു. ജോലികൾ പൂർത്തീകരിക്കാതെയാണ് ഉദ്ഘാടനംചെയ്യുന്നതെന്ന് പറഞ്ഞ് നേരത്തെ യു.ഡി.എഫ്. പ്രതിഷേധിച്ചിരുന്നു. സംസ്ഥാനത്തെ മറ്റു രണ്ട് ഹാർബറുകളോടൊപ്പമാണ് താനൂരിലും കഴിഞ്ഞദിവസം ഹാർബർ ഉദ്ഘാടനംചെയ്തത്.
ഉദ്ഘാടനദിവസം താനൂരിലെത്തിയ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയെ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചിരുന്നു. ജോലികൾ പൂർത്തിയാക്കാതെ ഉദ്ഘാടനം നടത്തിയതിൽ പ്രതിഷേധിച്ചായിരുന്നു മന്ത്രിയെ തടയാനെത്തിയത്.
താനൂർ ഹാർബറിന്റെ അടിസ്ഥാനസൗകര്യങ്ങളായ അഡ്മിനിസ്‌ട്രേഷൻ ബിൽഡിങ്, വർക്ക് ഷോപ്പ്, ഗെയ്റ്റ് ഹൗസ്, ശൗചാലയ ബ്ലോക്ക്, വല നിർമാണശാല, ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഷോപ്പിങ് ബിൽഡിങ്, ഗിയർ ഷെഡ്, കാന്റീൻ, ചുറ്റുമതിൽ, മത്സ്യ വിപണനത്തിന് സൗകര്യമായ പാർക്കിങ് ഏരിയ, വൈദ്യുതീകരണം, ലൈറ്റ് ഹൗസ്, ഗ്രീൻബെൽറ്റ് തുടങ്ങിയ ഒരു സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടില്ലെന്ന് യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഈപ്രവൃത്തികൾ ചെയ്യാൻ ഫണ്ട് അനുവദിച്ച് ടെൻഡർ നടപടികൾ എടുക്കാൻപോലും കഴിഞ്ഞിട്ടില്ലെന്നും ഇവർ കുറ്റപ്പെടുത്തി.
എന്നാൽ നിലവിൽ ഇവ ചെയ്യാനുള്ള ഫണ്ടുകൾ ലഭ്യമായില്ലെന്ന് എം.എൽ.എ. പറഞ്ഞു. ടെൻഡർപ്രകാരമുള്ള നിർമാണമാണ് ഇപ്പോൾ പൂർത്തീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
താനൂരിൽ 86 കോടി ചെലവഴിച്ചാണ് ഹാർബർ നിർമിക്കുന്നത്. അടിസ്ഥാനസൗകര്യങ്ങൾ പോലും ഒരുക്കാതെ തിടുക്കപ്പെട്ട് ഹാർബർ ഉദ്ഘാടനംചെയ്തത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്നും മത്സ്യത്തൊഴിലാളികളെ കബളിപ്പിക്കുന്ന പ്രവൃത്തിയാണ് സർക്കാർ നടത്തിയതെന്നും ജോലികൾ മുഴുവൻ പൂർത്തീകരിക്കാൻ ഇനിയും രണ്ടുവർഷത്തോളം വേണ്ടിവരുമെന്നും മണ്ഡലം മുസ്‌ലിംലീഗ് ജനറൽസെക്രട്ടറി എം.പി. അഷ്‌റഫ് പറഞ്ഞു.