രണ്ടാം ദിനത്തിൽ പ്രേക്ഷക മനം കവർന്ന് ബിരിയാണി
പൊന്നാനി രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തിൽ സജിൻ ബാബു സംവിധാനം ചെയ്ത മലയാള ചിത്രം ബിരിയാണി മുഖ്യാകർഷണമായി. മതവും സമൂഹവും സ്ത്രീകൾക്ക് ചുറ്റും തീർക്കുന്ന വേലിക്കെട്ടുകൾ ചർച്ചാവിഷയമാക്കുന്നു ചിത്രമാണ് ബിരിയാണി . ഖദീജ എന്ന വിവാഹിതയായ മുസ്ലിം സ്ത്രീയുടെ ജീവിതമാണ് സിനിമയുടെ ഇതിവ്യത്തം. ബിരിയാണിക്ക് പുറമെ മലയാള ചിത്രങ്ങളായ മ്യൂസിക്കൽ ചെയർ , പനി തുടങ്ങിയവയും രണ്ടാം ദിനത്തിൽ പ്രേക്ഷക മനം നിറച്ചു.
മരണഭയം എന്ന വികാരം ജീവിതത്തെ ബാധിക്കുന്നതിന്റെ വ്യത്യസ്ത ഭാവങ്ങൾ ആവിഷ്‌കരിക്കുന്ന ചിത്രമാണ് മ്യൂസിക്കൽ ചെയർ. 25 മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച മലയാള സിനിമയായി ഇത് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇവയോടൊപ്പം സന്തോഷ് മണ്ടൂർ സംവിധാനം ചെയ്ത പനിയും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.
ലോകസിനിമാ വിഭാഗത്തിൽ അലക്സ് പിപെർനോ സംവിധാനം ചെയ്ത വിൻഡോ ബോയ് വുഡ് ഓൾസോ ലൈക് ടു ഹാവ് എ സബ്മറൈൻ, ആദിൽ ഖാൻ യേഴ്‌സനോവിൻ്റെ കസാക്കിസ്ഥാൻ ചിത്രം യെല്ലോ ക്യാറ്റ്, എഡ്മുണ്ട് യോ സംവിധാനം ചെയ്ത മാലു എന്നീ ചിത്രങ്ങളും മേളയുടെ രണ്ടാം ദിനത്തിൽ പ്രദർശിപ്പിച്ചു .
വിഖ്യാത കൊറിയൻ ചലച്ചിത്രകാരൻ കിം കി ഡുക് സംവിധാനം ചെയ്ത ‘അഡ്രസ്സ് അൺനോൺ’ എന്ന ചിത്രവും ഹോമേജ് വിഭാഗത്തിൽ പ്രദർശിപ്പിച്ചു.