മൂസകുട്ടി സ്മാരക ഹൈടെക്ക് ബസ്സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സ് നാടിന് സമര്‍പ്പിച്ചു

50 ഓളം സ്ഥലമുടമകള്‍ സൗജന്യമായി നല്‍കിയ അഞ്ച് ഏക്കര്‍ സ്ഥലത്താണ് ബസ് സ്റ്റാന്‍ഡ് നിര്‍മിച്ചിരിക്കുന്നത്.

പെരിന്തല്‍മണ്ണ നഗരസഭ രജതജൂബിലി പദ്ധതിയിലുള്‍പ്പെടുത്തി നഗരമധ്യത്തില്‍ 37 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഹൈടെക് ബസ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സ് നാടിന് സമര്‍പ്പിച്ചു. ബസ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.

 

നഗരത്തിലെ ഗതാഗത കുരുക്ക് ശാശ്വതമായി പരിഹരിക്കുക, ബസ് യാത്രക്കാര്‍ക്ക് സുരക്ഷിതമായൊരു കേന്ദ്രം ഉണ്ടാക്കുക, വ്യാപാര ആവശ്യങ്ങള്‍ക്കായി ഷോപ്പിങ് കോംപ്ലക്‌സ് പണിയുക എന്നീ ലക്ഷ്യങ്ങളോടെയാണ് ടൗണ്‍ ബസ്സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സ് പണി കഴിപ്പിച്ചിരിക്കുന്നത്. ജൂബിലി റോഡ് നിവാസികളായ 50 ഓളം സ്ഥലമുടമകള്‍ സൗജന്യമായി നല്‍കിയ അഞ്ച് ഏക്കര്‍ സ്ഥലത്താണ് ബസ് സ്റ്റാന്‍ഡ് നിര്‍മിച്ചിരിക്കുന്നത്. 50 ബസുകള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കയറ്റിയിറക്കാനുള്ള യാര്‍ഡും, 300 ഓളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്ന സെല്ലാര്‍ ഫ്‌ളോറും, 53 കടമുറികളുമടങ്ങുന്ന 62000 സ്‌ക്വയര്‍ഫീറ്റ് വരുന്ന ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഒന്നാം ഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഏഴ് നിലകളില്‍ രൂപകല്‍പ്പന ചെയ്ത ഷോപ്പിങ് കോംപ്ലക്‌സിന്റെ രണ്ടാംഘട്ട നിര്‍മാണം അടുത്ത വര്‍ഷം ആരംഭിക്കും. ബസ്റ്റാന്‍ഡിന് പുറമെ വിനോദത്തിനും കാര്‍ണിവല്ലിനു കൂടിയുള്ള ഇടമായി ഇതുമാറ്റും. കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ ബസ്റ്റാന്‍ഡ് കേന്ദ്രീകരിച്ചുള്ള ബസ് റൂട്ട് വിന്യാസം ജനുവരിയിലായാണ് നടപ്പാക്കുക. നഗരത്തിലെ മൂന്നു ബസ്്റ്റാന്‍ഡും സജീവമാക്കുന്ന തരത്തിലാണ് ബസിന്റെ വിന്യാസം നടപ്പാക്കുക.

 

പെരിന്തല്‍മണ്ണ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഖാവ് മൂസക്കുട്ടിയുടെ പേരിലാണ് ബസ് സ്റ്റാന്‍ഡ് നിര്‍മിച്ചത്.

നഗരസഭ ചെയര്‍മാന്‍ എം.മുഹമ്മദ് സലിം അധ്യക്ഷനായി. വൈസ് ചെയര്‍ പേഴ്‌സണ്‍ നിഷി അനില്‍ രാജ്, നഗരസ സെക്രട്ടറി അബ്ദുല്‍ സജിം സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ.സി മൊയ്തീന്‍ കുട്ടി, പത്തത്ത് ആരിഫ്, ശോഭന ടീച്ചര്‍, കിഴിശ്ശേരി മുസ്തഫ, ചമയം വാപ്പു, എം ഉമ്മര്‍, വി.സുകുമാരന്‍, വി.പിഗോവിന്ദന്‍ കുട്ടി, എം മുഹമ്മദ് ഹനീഫ, കെ.സുബ്രഹ്മണ്യന്‍, എം.പ്രേമലത, ജെ.എച്ച്.ഐ.ടി രാജീവന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.