ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്ക്​ കർശന മുന്നറിയിപ്പുമായി യു.എ.ഇ

ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്ക്​ കർശന മുന്നറിയിപ്പുമായി യു.എ.ഇ. സമീപകാലത്ത്​ ഇത്തരം അപകട സംഭവങ്ങൾ ആവർത്തിച്ച സാഹചര്യത്തിലാണ്​ അധികൃതരുടെ താക്കീത്​. ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ ദുബൈയിലും അബൂദബിയിലും പരിശോധനയും ശക്തമാക്കും.

ലൈസൻസില്ലാതെ വാഹനം ഓടിച്ചാൽ മൂന്നുമാസം വരെ തടവോ 50,000ദിർഹം വരെ പിഴയോ അല്ലെങ്കിൽ രണ്ടും ചേർന്നതോ ആയിരിക്കും ശിക്ഷ ലഭിക്കുക.​ പ​ബ്ലിക്​ പ്രോസിക്യൂട്ടർ ട്വിറ്ററിലൂടെയാണ്​ ഇക്കാര്യം ഓർമിപ്പിച്ചത്​. ലൈസൻസിൽ ഉൾപ്പെടാത്ത വാഹനം ഓടിച്ചാലും സമാനമായ പിഴ തന്നെയായിരിക്കും ലഭിക്കുക.

ലൈസൻസില്ലാതെ വാഹനമോടിക്കുന്നതിൽ നിന്ന്​ എല്ലാവരും വിട്ടുനിൽക്കണമെന്നും സമൂഹത്തിൽ നിയമപാലനം പ്രോത്സാഹിക്കുന്നതിനുള്ള പ്രചാരണത്തി​ന്റെ ഭാഗമായി പ്രസിദ്ധപ്പെടുത്തിയ ട്വീറ്റിൽ ആവശ്യപ്പെട്ടു. നിയമലംഘനങ്ങൾ കുറക്കുക എന്നതും നിയമത്തെ കുറിച്ച് അവബോധം വർധിപ്പിക്കലുമാണ്​ പ്രചാരണത്തി​ന്റെ ലക്ഷ്യം.