സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരും; കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിന് പിന്നാലെ അറബിക്കടലിലും ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒൻപത് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ടാണ്. കേരള തീരത്തിൽ ശക്തമായ കടൽക്ഷോഭമുണ്ടായേക്കും. കടൽപ്രക്ഷുബ്ദമാകാൻ സാധ്യതയുള്ളതിനാൽ 16 ആം തീയതി വരെ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്.

 

യെല്ലോ അലേർട്ട്

 

2021 ജൂലൈ 13: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.

2021 ജൂലൈ 14: എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.

2021 ജൂലൈ 15: പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.

2021 ജൂലൈ 16: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.

 

പ്രത്യേക നിര്‍ദേശങ്ങള്‍

 

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കേണ്ടതാണ്.

വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വയ്ക്കണം.