മദ്യം ഓൺലൈനിൽ ബുക്ക് ചെയ്യേണ്ട വിധം ഇങ്ങനെ
പാലക്കാട്: ബവ്റിജസ് കോർപറേഷന്റെ ചില്ലറ വിൽപനശാലകളിൽ നടപ്പാക്കുന്ന മദ്യത്തിന് ഓൺലൈൻ പേയ്മെന്റ് സംവിധാനം പാലക്കാട് നഗരത്തിൽ സ്റ്റേഡിയം ബൈപാസിലെ പ്രീമിയം ഔട്ലെറ്റിൽ ആരംഭിച്ചു. അടുത്തതായി തേങ്കുറുശ്ശി വിൽപനശാലയിൽ ഏർപ്പെടുത്തും. വരും ദിവസങ്ങളിൽ കൂടുതൽ വിൽപനശാലകളിലേക്കു വ്യാപിപ്പിക്കും. മദ്യശാലകളിൽ തിരക്കേറിയതോടെയാണ് ഓൺലൈൻ പേയ്മെന്റ് സംവിധാനം ഏർപ്പെടുത്തിയത്. ഇഷ്ടമുള്ള ബ്രാൻഡ് ഓൺലൈനായി പണം നൽകി ബുക്ക് ചെയ്ത ശേഷം തിരഞ്ഞെടുക്കുന്ന സമയത്ത് മദ്യശാലയിലെത്തി കൈപ്പറ്റാം. ക്യൂ നിൽക്കാതെ തിരഞ്ഞെടുക്കാമെന്നതാണു പ്രത്യേകത.

ബുക്ക് ചെയ്യേണ്ട വിധം
http:booking.ksbc.co.in എന്ന വെബ്സൈറ്റിൽ ബുക്ക് ചെയ്യാനുള്ള ലിങ്ക് ലഭിക്കും. ഫോൺ നമ്പർ, ജനനത്തീയതി, ഇ–മെയിൽ ഐഡി എന്നിവ ഉൾപ്പെടുത്തി പാസ്വേഡ് നൽകി പ്രൊഫൈൽ ഉണ്ടാക്കണം. തുടർന്ന് ഫോൺ നമ്പറും പാസ്വേഡും നൽകി ലോഗിൻ ചെയ്യുമ്പോൾ മദ്യശാലയും അവിടെ ലഭ്യമായ ബ്രാൻഡുകളും അളവും തിരഞ്ഞെടുക്കാം. അതിനു ശേഷം ഓൺലൈനായി പണം അടയ്ക്കാം. അപ്പോൾ ലഭിക്കുന്ന ക്യുആർ കോഡ് സ്ക്രീൻ ഷോട്ട് എടുത്തു വയ്ക്കണം. മദ്യം കൈപ്പറ്റേണ്ട സമയം ഉപഭോക്താവിനു തിരഞ്ഞെടുക്കാം. ആ സമയത്തു ഫോണുമായി വിൽപനശാലയിലെത്തിയാൽ ബുക്കിങ്ങിനൊപ്പം ലഭിച്ച ക്യുആർ കോഡ് സ്കാൻ ചെയ്താണു മദ്യം ലഭിക്കുക.
