30 കോടി എത്തിച്ചത് ആംബുലൻസിൽ
തിരുവനന്തപുരം: കോൺഗ്രസിന് തെരഞ്ഞെടുപ്പ് കാലത്ത് പണമെത്തിച്ചത് ആംബുലൻസിൽ. കൊവിഡ് രോഗികളെ കൊണ്ടുവരുന്നെന്ന പ്രതീതിയിൽ പണം കൊണ്ടുവരികയായിരുന്നെന്നാണ് വിവരം. തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണത്തിൽ 30 കോടി സ്ഥാനാർഥികൾക്ക് കിട്ടാത്തതിനെപ്പറ്റി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.
രാജസ്ഥാനിലെ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ ദേശീയ നേതാക്കളിൽ ഒരാളുമായ അശോക് ഗെലോട്ട് കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ഉടൻ കേന്ദ്ര ഏജൻസികൾ അദ്ദേഹം എത്തിയ പ്രത്യേക വിമാനം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കോൺഗ്രസ് നേതാക്കൾ ഇത് പ്രതീക്ഷിച്ചിരുന്നതിനാൽ ആ വിമാനത്തിൽനിന്ന് പ്രത്യേകിച്ചൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അതിനുശേഷമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം എത്തിക്കാൻ പുതിയ മാർഗങ്ങൾ ആവിഷ്കരിച്ചതെന്നാണ് വിവരം.
ഗ്രൂപ്പുനേതാക്കൾക്ക് പണം നൽകിയതിന് പുറമെ കോൺഗ്രസ് ദേശീയ നേതൃത്വം കെപിസിസി മുഖേനയും പണം നൽകിയിട്ടുണ്ട്. അപ്രകാരം നൽകിയ പണത്തിൽ ഒരു നിശ്ചിത തുക കെപിസിസിയിൽനിന്ന് ഈ പണം നൽകാൻ ചുമതലപ്പെടുത്തിയവർ കൈപ്പറ്റിയതായും ആരോപണമുയർന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് നൽകിയ 30 കോടി കൈപ്പറ്റിയ ഉന്നതൻ അത് താഴേയ്ക്ക് കൈമാറിയില്ലെന്ന പരാതിയിൽ ദേശീയ നേതൃത്വത്തിന് വിശദീകരണം നൽകേണ്ടിവരുമെന്നാണ് സൂചന. അന്ന് ഗ്രൂപ്പിലെ രണ്ടാമന് സ്വന്തം ഗ്രൂപ്പിലെ സ്ഥാനാർഥികൾക്ക് നൽകാനായി ഈ തുക കൈമാറിയെന്നാണ് ഉന്നതന്റെ വിശദീകരണം. പണം കൈമാറിയതിൽ വീഴ്ച പറ്റി എന്ന വിലയിരുത്തലിൽ ഉന്നതനെ ദേശീയ നേതൃത്വം പദവിയിൽനിന്ന് മാറ്റിയിരുന്നു. അത് ഈ 30 കോടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിനിയോഗിച്ചില്ലെന്ന പരാതിയെ തുടർന്നായിരുന്നു.