Main Banner

വികസന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കണം: മലപ്പുറം ജില്ലാ വികസന സമിതി യോഗം

ജില്ലയിലെ അടിസ്ഥാന സൗകര്യ വികസനം, റോഡ്-പാലം നിര്‍മാണം, വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ക്രമസമാധാനം തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കാനും സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കാനും ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മലപ്പുറം ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനിച്ചു. ജില്ലയിലെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍, ആരോഗ്യ സേവനങ്ങള്‍, ഗതാഗത പ്രശ്‌നങ്ങള്‍ എന്നിവയുടെ പുരോഗതി വികസന സമിതി യോഗം വിലയിരുത്തി.

 

1 st paragraph

മഞ്ചേരി ഗവ.മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചിട്ടുള്ള എം.ആര്‍.ഐ. സ്‌കാനിങ് മെഷീന്‍ ഒരു മാസത്തിനകം പ്രവര്‍ത്തന സജ്ജമാക്കണമെന്നും സ്‌കാനിങ് വൈകുന്നതു മൂലം സാധാരണക്കാരായ രോഗികള്‍ക്ക് ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ അടിയന്തര നടിപടി ഉണ്ടാകണമെന്നും അഡ്വ.എം.റഹ്‌മത്തുള്ള ആവശ്യപ്പെട്ടു. മഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പി.എം. അഭീം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 23.75 കോടി രൂപ ഉപയോഗിച്ച് നിര്‍മിക്കുന്ന ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിന്റെ നിര്‍മാണം 78% പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും ഡിസംബറോടെ നിര്‍മാണം പൂര്‍ണമാകുമെന്നും അഡ്വ. എം.റഹ്‌മത്തുള്ള എം.എല്‍.എ.യുടെ ചോദ്യത്തിന് മറുപടിയായി മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ യോഗത്തില്‍ അറിയിച്ചു. മഞ്ചേരിയിലെ ഗതാഗത കുരുക്കിന് അടിയന്തിര പരിഹാരം കാണണമെന്നും ബസ് സ്റ്റാന്‍ഡ്, ബീവറേജ് ഔട്ട്‌ലെറ്റുകള്‍ എന്നിവിടങ്ങളിലെ അനധികൃത വാഹന പാര്‍ക്കിങ് മൂലമുണ്ടാകുന്ന ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും എം.എല്‍.എ.ആവശ്യപ്പെട്ടു.

കെ.എസ്.ആര്‍.ടി.സി. അടക്കമുള്ള ദീര്‍ഘ ദൂര ബസുകള്‍, ലിമിറ്റഡ് സ്‌റ്റോപ്പ് ഫാസ്റ്റ് പാസഞ്ചറുകള്‍ എന്നിവ രണ്ടത്താണി ടൗണ്‍ ഒഴിവാക്കുന്നതും വളാഞ്ചേരി ടൗണില്‍ പ്രവേശിക്കാതെ ദേശീയപാതയിലൂടെ മാത്രം പോകുന്നതു മൂലം സാധാരണ യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന പ്രയാസത്തില്‍ അടിയന്തിര നടപടി വേണമെന്ന് പ്രൊഫ. കെ.കെ.ആബിദ് ഹുസൈന്‍ തങ്ങള്‍ ആവശ്യപ്പെട്ടു. നടുവട്ടം, മാറാക്കര വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ കെട്ടിടം നിര്‍മിക്കുന്നതിന്റെ പുരോഗതി എം.എല്‍.എ. ആരാഞ്ഞു. നടുവട്ടം വില്ലേജ് ഓഫീസിന്റെ പഴയ കെട്ടിടം പൊളിച്ചു മാറ്റിയെന്നും മാറാക്കരയിലെ പഴയ കെട്ടിടം ഉടന്‍ പൊളിച്ചു മാറ്റി നിര്‍മാണ നടപടികള്‍ വേഗത്തിലാക്കുമെന്നും എ.ഡി.എം. യോഗത്തില്‍ അറിയിച്ചു. ഒതുക്കുങ്ങല്‍-പൊന്‍മള കുടിവെള്ള പദ്ധതി, കോട്ടയ്ക്കല്‍ നഗരസഭയിലെ അമൃത് കുടിവെള്ള പദ്ധതി എന്നിവ വേഗത്തിലാക്കണമെന്ന് എം.എല്‍.എ. നിര്‍ദേശിച്ചു.

2nd paragraph

സര്‍വീസ് റോഡുകളുടെ വീതിക്കുറവ് പരിഹരിക്കാനും ബസ് സ്റ്റോപ്പുകള്‍ ശാസ്ത്രീയമായി പുനഃക്രമീകരിക്കാനും ആവശ്യപ്പെടുന്ന സമഗ്രമായ റിപ്പോര്‍ട്ട് ജില്ലാ റോഡ് സേഫ്റ്റി കൗണ്‍സിലിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ആര്‍.ടി.ഒ. യോഗത്തില്‍ അറിയിച്ചു. ബസുകള്‍ സര്‍വീസ് റോഡുകളില്‍ പ്രവേശിക്കാതെ പോകുന്ന വിഷയത്തില്‍ ബസുടമകളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന അടിയന്തര യോഗം ചേരണമെന്നും സാധാരണ യാത്രക്കാരുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നും കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ 24 മണിക്കൂറും പരിശോധന നടത്തുന്നുണ്ടെന്നും ഇത്തരത്തില്‍ നിയമലംഘനം നടത്തിയ ഇരുപതിലധികം ബസുകള്‍ക്കെതിരെ കേസെടുത്ത് പിഴ ഈടാക്കിയിട്ടുണ്ടെന്നും ഗതാഗത-പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പുത്തനത്താണി-മുതല്‍ കടുങ്ങാത്തുകുണ്ട് സബ്‌സ്റ്റേഷന്‍ വരെയുള്ള ഭാഗത്ത് യു.ജി. കേബിളുകള്‍ സ്ഥാപിക്കുന്നതിനായി മതിയായ സുരക്ഷാ സംവിധാനമില്ലാതെ എടുത്ത കുഴികള്‍ മൂലം വാഹന അപകടങ്ങള്‍ തുടര്‍ച്ചയാകുന്ന സാഹചര്യത്തില്‍ അടിയന്തര നടപടി വേണമെന്ന് തിരൂര്‍ കെ.എസ്.ഇ.ബി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് എം.എല്‍.എ. നിര്‍ദേശം നല്‍കി. മാത്രമല്ല, തിരൂര്‍-പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി. സര്‍വീസ് വൈകുന്നതിനുള്ള കാരണവും എം.എല്‍.എ.ആരാഞ്ഞു.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ചേലേമ്പ്ര, മൂന്നിയൂര്‍ മേഖലകളില്‍ സര്‍വീസ് റോഡുകളുടെയും ഡ്രെയിനേജ് സംവിധാനങ്ങളുടെയും നിര്‍മാണം, ബസ് വെയിറ്റിങ് ഷെഡ്ഡും ട്രാന്‍സ്‌ഫോര്‍മറും മാറ്റി സ്ഥാപിക്കല്‍ എന്നിവയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം ടി.വി. ഇബ്രാഹിം എം.എല്‍.എ. യോഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇതിനായി ഡെപ്യൂട്ടി കളക്ടര്‍, ദേശീയപാത അതോറിറ്റി, പൊതുമരാമത്ത്, പഞ്ചായത്ത് അധികൃതര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംയുക്ത സ്ഥലപരിശോധന നടത്തി ഉടന്‍ പ്രശ്‌നം പരിഹരിക്കാന്‍ തീരുമാനിച്ചു. വര്‍ഷങ്ങളായി വാടകക്കെട്ടിടത്തില്‍ അസൗകര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കരിപ്പൂര്‍ പോലീസ് സ്റ്റേഷന് സ്വന്തമായി പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ എയര്‍പോര്‍ട്ട് പരിസരത്ത് റവന്യൂ ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. കൂടാതെ, പൈങ്ങോട്ടൂര്‍ സ്റ്റേഡിയം ഭൂമി ഏറ്റെടുക്കല്‍, പൈപ്പ് ലൈന്‍ പദ്ധതികള്‍ക്കായി മരം മുറിക്കാനുള്ള ജില്ലാതല അനുമതികള്‍ വേഗത്തിലാക്കല്‍ എന്നിവയും അദ്ദേഹം യോഗത്തില്‍ ഉന്നയിച്ചു. കാലിക്കറ്റ് സര്‍വകലാശാലാ ക്യാംപസിലെ ഹോസ്റ്റലുകളില്‍ പുറത്തുനിന്നുള്ളവര്‍ അനധികൃതമായി തങ്ങുന്നതും സമീപകാലത്തുണ്ടായ സംഘര്‍ഷങ്ങളും അതീവ ഗൗരവമുള്ളതാണെന്ന് എം.എല്‍.എ. മാരായ ടി.വി. ഇബ്രാഹിം, പി.കെ.നവാസ് എന്നിവര്‍ പറഞ്ഞു. സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ആയുധങ്ങള്‍ പിടിച്ചെടുത്തതും സംശയാസ്പദമായ കാര്‍ കസ്റ്റഡിയിലെടുത്തതും ഉള്‍പ്പെടെയുള്ള കേസുകള്‍ തൃശ്ശൂര്‍ ഡി.ഐ.ജി, ജില്ലാ പോലീസ് മേധാവി എന്നിവരുടെ നേതൃത്വത്തില്‍ കര്‍ശനമായി നിരീക്ഷിച്ചുവരികയാണെന്ന് പൊലീസ് വകുപ്പ് പ്രതിനിധി വ്യക്തമാക്കി. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ആവശ്യമായ മരുന്നുകള്‍ ശേഖരിച്ചുവെക്കുന്ന തിരൂരിലെ ജില്ലാ മരുന്ന് സൂക്ഷിപ്പ് കേന്ദ്രത്തിന്റെ (വെയര്‍ഹൗസ്) സ്ഥലപരിമിതിയും ശോച്യാവസ്ഥയും എം.എല്‍.എ യോഗത്തില്‍ ചൂണ്ടിക്കാട്ടി. വലിയ തോതില്‍ മരുന്നുകള്‍ എത്തുമ്പോള്‍ ശരിയായ രീതിയില്‍ സൂക്ഷിക്കാന്‍ നിലവിലെ കെട്ടിടത്തിന് ശേഷിയില്ലെന്നും ഗുണനിലവാരം ഉറപ്പുവരുത്താന്‍ ആധുനിക സൗകര്യങ്ങളുള്ള പുതിയ സമുച്ചയം നിര്‍മ്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി കെ.എം.സി.എല്‍. സമര്‍പ്പിച്ച പുതിയ പ്രൊജക്റ്റിന്റെ നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

 

താനൂര്‍ ഹാര്‍ബറിനെ സമ്പൂര്‍ണ ശുചിത്വ ഹാര്‍ബര്‍ ആക്കി മാറ്റുന്നതിന്റെ ഭാഗമായി വിദഗ്ധ ഏജന്‍സിയെ ചുമതലപ്പെടുത്തി ഒരു വര്‍ഷത്തേക്ക് ഒരു ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചതായി പി.കെ.നവാസ് എം.എല്‍.എ.യുടെ ചോദ്യത്തിന് മറുപടിയായി ഹാര്‍ബര്‍ എന്‍ജിനീയറിങ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ യോഗത്തില്‍ അറിയിച്ചു. താനൂര്‍ മൃഗാശുപത്രിക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയില്‍ ഉള്ള സ്ഥലം വിട്ടു നല്‍കുന്നതുമായി ബന്ധപ്പെട്ട് നവംബര്‍ 10 ന് തഹസില്‍ദാരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തണമെന്ന് എം.എല്‍.എ.നിര്‍ദേശിച്ചു. കനോലി കനാല്‍ നവീകരണത്തിന്റെ ഭാഗമായി ഡ്രെഡ്ജിംഗ് നടത്തി നീക്കം ചെയ്യുന്ന മണ്ണും ചെളിയും പൊതുനിരത്തുകളിലും സ്ഥാപനങ്ങള്‍ക്ക് മുന്നിലും കുന്നുകൂട്ടിയിടാതെ സുരക്ഷിതമായി നിക്ഷേപിക്കാന്‍ സ്ഥലം മുന്‍കൂട്ടി ഉറപ്പാക്കണമെന്ന് പി.കെ. നവാസ് എം.എല്‍.എ നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രിയുടെ തീയതി വാങ്ങി പദ്ധതി ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുന്‍പ് നഗരസഭയും ജലസേചന വകുപ്പും സംയുക്തമായി യോഗം ചേര്‍ന്ന് ഇതിനായുള്ള ഡംപിങ് യാര്‍ഡ് കണ്ടെത്തണമെന്നും എം.എല്‍.എ.നിര്‍ദേശിച്ചു.

 

വിദ്യാര്‍ഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി പുളിക്കല്‍, മായക്കല്ല്, ഒളവട്ടൂര്‍, വാഴക്കാട് തുടങ്ങിയ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ചെറിയ ബസുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തണമെന്ന് ടി.പി. അഷ്‌റഫലി എം.എല്‍.എ ആവശ്യപ്പെട്ടു. നിലവിലെ സമയക്രമം കാരണം സ്‌കൂള്‍ കുട്ടികള്‍ക്ക് ബസ് സൗകര്യം വേണ്ടവിധം ലഭിക്കുന്നില്ലെന്നും മുന്‍ഗണനാടിസ്ഥാനത്തില്‍ സമയക്രമീകരണം നടത്തിയാല്‍ യാത്രാദുരിതത്തിന് വലിയ പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. ജോയിന്റ് ആര്‍.ടി.ഒ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടുത്ത ആര്‍.ടി.എ. ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് ആര്‍.ടി.എ. ഉറപ്പുനല്‍കി.

 

റോഡപകടങ്ങള്‍ കുറക്കുന്നതിനായി സ്‌കൂള്‍ സമയങ്ങളില്‍ ജെ.സി.ബി., ടിപ്പര്‍ പോലുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുുത്തുന്ന കാര്യം പരിഗണിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വാര്‍ത്താ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച, അധികൃതരുടെ ശ്രദ്ധയില്‍ പെടേണ്ട വാര്‍ത്തകളിലും ഉദ്യോഗസ്ഥരുടെ വിശദീകരണം ജില്ലാ കളക്ടര്‍ ആരാഞ്ഞു. എല്ലാ ഓഫീസുകളും വയോജന സൗഹൃദമാക്കണമെന്നും ഹെല്‍പ് ഡെസ്‌കുകള്‍ രൂപീകരിക്കണമെന്നും ഉദ്യോഗസ്ഥര്‍ വയോജനങ്ങളോട് മാന്യമായി പെരുമാറണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.

 

കഴിഞ്ഞ മൂന്നു മാസങ്ങളിലെ മികച്ച പദ്ധതി നിര്‍വഹണത്തിന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിന് ലഭിച്ച പുരസ്‌കാരം യോഗത്തില്‍ കൈമാറി. എം.എല്‍.എ.മാരായ ആബിദ് ഹുസൈന്‍ തങ്ങള്‍, അഡ്വ.എം.റഹ്‌മത്തുള്ള, കുറുക്കോളി മൊയ്തീന്‍, പി.കെ.നവാസ്., ടി.വി.ഇബ്രാഹിം, ടി.പി.അഷ്‌റഫലി, എ.ഡി.എം. പി.ഒ. സാദിഖ്, പ്ലാനിങ് ഓഫീസര്‍ ടി.വി.ഷാജു, എം.പി.മാര്‍, മന്ത്രിമാര്‍ എന്നിവരുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.