ചലച്ചിത്ര-സീരിയൽ നടി ശ്രീലക്ഷ്മി അന്തരിച്ചു
പത്തനംതിട്ട: സചിവോത്തമപുരം തകിടിയേൽ രാജമ്മയുടെ മകൾ ശ്രീലക്ഷ്മി (രജനി-38) അന്തരിച്ചു. ചെല്ലപ്പൻ ഭവാനീദേവിയുടെ ഭാരതീയ നൃത്തകലാക്ഷേത്രത്തിൽ നൃത്തം അഭ്യസിച്ച് അരങ്ങേറ്റം കുറിച്ചു. തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോന്റെ ജയകേരള നൃത്തകലാലയത്തിൽ വിവിധ ബാലേകളിൽ ശ്രദ്ധേയമാർന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
പത്തനംതിട്ട മുദ്ര നൃത്തവേദിയുടെ അർധാംഗന എന്ന ബാലേയിലെ അഭിനയത്തിന് അഖിലകേരള നൃത്തകലാലയത്തിന്റെ 2020-ലെ സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. നിരവധി സിനിമകളിലും സീരിയലുകളിലും ഷോർട്ട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
സചിവോത്തമപുരം യുവരശ്മി ലൈബ്രറി മികച്ച കലാകാരിക്കുള്ള പുരസ്കാരം നൽകി ആദരിച്ചിരുന്നു. ഭർത്താവ്: വിനോദ്, തലശ്ശേരി മാഹി സ്വദേശിയാണ്. മക്കൾ: വൈഷ്ണവ്, അഭിനവ് (ഇരുവരും വിദ്യാർഥികൾ (എ.വി.എച്ച്.എസ്.എസ്. കുറിച്ചി). സംസ്കാരം ചൊവ്വാഴ്ച മൂന്നിന്.