കോൺഗ്രസിന് അഴകൊഴമ്പന്‍ സമീപനം, തോൽവിയിൽ നിന്ന് ലീഗ് കരകയറും

മഞ്ചേരി: ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോണ്‍ഗ്രസ് എടുക്കുന്ന നിലപാടുകളില്‍ സംശയം പ്രകടിപ്പിച്ച് മുസ്ലിം ലീഗ്. മലപ്പുറം മഞ്ചേരിയില്‍ നടക്കുന്ന മുസ്ലിംലീഗ് പ്രവര്‍ത്തക സമിതി യോഗമാണ് ഇത് സംബന്ധിച്ച വിലയിരുത്തൽ നടത്തിയത്.

നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയവും തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യങ്ങളുമാണ് പ്രവര്‍ത്തക സമിതിയുടെ അജണ്ട. ഇതിനിടയിലാണ് കോണ്‍ഗ്രസിന്റെ നിലപാടുകളില്‍ ലീഗ് നേതാക്കള്‍ സംശയം പ്രകടിപ്പിച്ചിട്ടുള്ളത്.

പാലാ ബിഷപ്പിന്റെ പ്രസ്താവന, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിച്ചത് അഴകൊഴമ്പന്‍ നിലപാടാണെന്ന് നേതാക്കള്‍ ആരോപിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തില്‍ നിന്ന് കരകയറാനുള്ള ആത്മവിശ്വാസം കോണ്‍ഗ്രസിനില്ലെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. പരാജയത്തില്‍ നിന്ന് ലീഗിന് കരകയറാനാകും. എന്നാല്‍ കോണ്‍ഗ്രസിന് അതിനുള്ള ത്രാണിയില്ല. എല്ലാ വിഷയങ്ങളിലും കോണ്‍ഗ്രസിന് കൃത്യമായ നിലപാടുകളില്ലാതെ സംഭ്രമിച്ച് നില്‍ക്കുന്ന അവസ്ഥയുണ്ടെന്നും ചില നേതാക്കള്‍ ചൂണ്ടിക്കാട്ടി.

പാര്‍ട്ടിയിലും അച്ചടക്കം കര്‍ശനമാക്കണമെന്ന തീരുമാനത്തിലേക്കാണ് എത്തിയിരിക്കുന്നത്. മാധ്യമങ്ങളിലൂടെയുള്ള പ്രതികരണത്തിന് വാക്താക്കളെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.