മോഫിയയുടെ ആത്മഹത്യ: സിഐ സുധീറിനെ സ്ഥലംമാറ്റി
ആലുവ: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആലുവ ഈസ്റ്റ് സിഐ സുധീറിനെ സ്ഥലംമാറ്റി. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലേക്കാണ് സ്ഥലം മാറ്റിയത്. അതേസമയം സുധീറിനെ സസ്പെന്‍ഡ് ചെയ്യാതെ സമരം പിന്‍വലിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. അന്‍വര്‍ സാദത്ത്, ബെന്നി ബെഹ്നാന്‍ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ ആലുവ പൊലീസ് സ്റ്റേഷനില്‍ സമരം തുടരുകയാണ്.
മോഫിയ പര്‍വീണിന്‍റെ ആത്മഹത്യാക്കുറിപ്പില്‍ സിഐക്കെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. മോഫിയ ആത്മഹത്യ ചെയ്ത അന്ന് ചര്‍ച്ചയ്ക്കായി ആലുവ സിഐ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. വളരെ മോശമായാണ് സിഐ പെരുമാറിയതെന്നും പൊലീസ് സ്റ്റേഷനില്‍ നേരിട്ട അവഹേളനവും ആത്മഹത്യക്ക് കാരണമായെന്നും പിതാവ് പറഞ്ഞു.
പൊലീസ് സ്റ്റേഷനില്‍ നിന്ന് തിരിച്ചെത്തി മുറിയില്‍ കയറിയ വാതിലടച്ച മോഫിയ തൂങ്ങിമരിക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കെതിരെയും പരാമര്‍ശമുണ്ട്- “ഞാന്‍ മരിച്ചാല്‍ അവന്‍ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് അറിയില്ല. ഞാന്‍ എന്തുചെയ്താലും മാനസികപ്രശ്നമെന്നേ പറയൂ. എനിക്ക് ഇനി ഇത് കേട്ടുനില്‍ക്കാന്‍ വയ്യ. ഞാന്‍ ഒരുപാടായി സഹിക്കുന്നു. പടച്ചോന്‍ പോലും നിന്നോട് പൊറുക്കൂല്ല. സി.ഐക്കെതിരെ നടപടിയെടുക്കണം. സുഹൈല്‍, ഫാദര്‍, മദര്‍ ക്രിമിനലുകളാണ്. അവര്‍ക്ക് മാക്സിമം ശിക്ഷ കൊടുക്കണം. എന്‍റെ അവസാനത്തെ ആഗ്രഹം..
എന്നോട് ക്ഷമിക്കണം. നിങ്ങള്‍ പറഞ്ഞതായിരുന്നു ശരി. അവന്‍ ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാന്‍. എന്നാല്‍ ഈ ലോകത്ത് ആരേക്കാളും സ്നേഹിച്ചയാള്‍ എന്നെപ്പറ്റി ഇങ്ങനെ പറയുന്നത് കേള്‍ക്കാനുള്ള ശക്തിയില്ല. അവന്‍ അനുഭവിക്കും എന്തായാലും. പപ്പ സന്തോഷത്തോടെ ജീവിക്ക്. എന്‍റെ റൂഹ് ഇവിടെത്തന്നെ ഉണ്ടാകും. അവനെ അത്രമേല്‍ സ്നേഹിച്ചതാണ് ഞാന്‍ ചെയ്ത തെറ്റ്. പടച്ചോനും അവനും എനിക്കും അറിയുന്ന കാര്യമാണത്. നീ എന്താണ് എന്നോട് ഇങ്ങനെ ചെയ്യുന്നതെന്ന് മാത്രം എനിക്ക് മനസിലാകുന്നില്ല. എന്ത് തെറ്റാണ് ഞാന്‍ നിങ്ങളോട് ചെയ്തത്? നിങ്ങളെ ഞാന്‍ സ്നേഹിക്കാന്‍ പാടില്ലായിരുന്നു”- എന്നാണ് ആത്മഹത്യാക്കുറിപ്പിലെ വാക്കുകള്‍.
ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി മോഫിയയുടെ ഭര്‍ത്താവ് സുഹൈലിനെയും മാതാപിതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീധന തുക ചോദിച്ച് മോഫിയയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചിരുന്നതായി പിതാവ് പറഞ്ഞു. 40 ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ടായിരുന്നു മര്‍ദനമെന്നും മോഫിയയുടെ പിതാവ് പറഞ്ഞു.