ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിലേക്ക്, ലോകത്താകെ 150ഓളം പേർക്ക്
ഇന്ത്യ കരുതൽ നടപടികൾ ശക്തമാക്കി
ന്യൂഡൽഹി:കൊവിഡിന്റെ മാരക വകഭേദമായ ഒമിക്രോൺ നാലു ദിവസംകൊണ്ട് വിവിധ രാജ്യങ്ങളിലായി 150പേർക്ക് സ്ഥിരീകരിച്ചതോടെ നിരവധി രാജ്യങ്ങൾ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ചു.ബംഗ്ലാദേശ്, ശ്രീലങ്ക, തായ്ലൻഡ്, ഹംഗറി, പാകിസ്ഥാൻ, മൗറീഷ്യസ്, ഇൻഡോനേഷ്യ, സൗദി അറേബ്യ, മാലദ്വീപ് എന്നീ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കൻ വിമാനങ്ങൾ റദ്ദാക്കി.
കരുതൽ നടപടികൾ ഇന്ത്യ ശക്തമാക്കി. അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.
നൂറിലേറെ രോഗികളും ദക്ഷിണാഫ്രിക്കയിലാണ്.
ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌തിട്ടില്ല.കർണാടകത്തിൽ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർ കൊവിഡ് പോസിറ്റീവായെങ്കിലും അത് ഡെൽറ്റ വകഭേദമാണ്.
രണ്ട് പേർക്ക് ഒമൈക്രോൺ സ്ഥിരീകരിച്ചതോടെ ബ്രിട്ടനിലെത്തുന്ന എല്ലാവർക്കും ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കി. ഫലം വരുന്നതുവരെ ക്വാറന്റൈനിൽ കഴിയണം. മാസ്‌ക് വീണ്ടും നിർബന്ധമാക്കി.
വാതിലടച്ച് ഇസ്രയേൽ, ഫോൺ ചോർത്തും
ഇസ്രയേൽ എല്ലാ വിദേശ രാജ്യക്കാർക്കും പതിനാല് ദിവസം വിലക്ക് കൽപ്പിച്ചു. അതിർത്തികൾ അടച്ചതോടെ വിദേശികളെ പൂർണമായും വിലക്കുന്ന ആദ്യ രാജ്യമായി. ഭീകരവിരുദ്ധ ഓപ്പറേഷന്റെ ഭാഗമായ വിവാദ ഫോൺ നിരീക്ഷണം നടപ്പാക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി നഫ്‌താലി ബെന്നറ്റ് പ്രഖ്യാപിച്ചു. ഒമൈക്രോൺ സ്ഥിരീകരിക്കുന്നവരുടെ ഫോൺ ചോർത്തി സമ്പർക്ക വ്യക്തികളെ കണ്ടെത്താനാണിത്. ഷിൻ ബെറ്റ് എന്ന സുരക്ഷാ ഏജൻസിക്കാണ് ചുമതല.
ദക്ഷിണാഫ്രിക്കയിൽ 100 രോഗികൾ
ആദ്യം റിപ്പോർട്ട് ചെയ്ത ദക്ഷിണാഫ്രിക്കയിൽ 100 രോഗികൾ
ഇവിടെ നിന്നെത്തിയവരിലാണ് മറ്റു രാജ്യങ്ങൾ രോഗം സ്ഥിരീകരിച്ചത്.
ഹോങ്കോങിൽ 2 പേർ
ആസ്‌ട്രേലിയ — 2
ഇറ്റലി — 6
ജർമ്മനി — 2
നെതർലൻഡ്സ് 13
ബ്രിട്ടൻ — 2
ഇസ്രയേൽ –1
മലാവിയിൽ നിന്ന് വന്നയാൾക്ക്
ബോട്ട്‌സ്‌വാന –4
ബെൽജിയം –1
ഡെൻമാർക്ക് –1
14 ദിവസത്തെ യാത്രാവിവരം, 7 ദിവസം ഹോം ക്വാറന്റൈൻ
ഇന്ത്യയിലേക്ക് വരുന്ന വിമാന യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് നെഗറ്റീവായ റിപ്പോർട്ടും 14 ദിവസത്തെ യാത്രാവിവരങ്ങളും ഡിസം.ഒന്നു മുതൽ നിർബ്ബന്ധമാക്കി കേന്ദ്ര സർക്കാർ. ടെസ്റ്റ് റിപ്പോർട്ടും യാത്രാ വിവരങ്ങളും എയർ സുവിധ പോർട്ടലിൽ അപ് ലോഡ് ചെയ്യണം.
അറ്റ് റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർ വിമാനത്താവളത്തിൽ തന്നെ കൊവിഡ് ടെസ്റ്റ് നടത്തി റിപ്പോർട്ട് ലഭിക്കുന്നത് വരെ വിമാനത്താവളത്തിൽ തുടരണം. ടെസ്റ്റ് നെഗറ്റീവാണെങ്കിൽ ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനിൽ കഴിയണം. എട്ടാമത്തെ ദിവസം വീണ്ടും ടെസ്റ്റ് നടത്തണം. നെഗറ്റീവ് റിപ്പോർട്ട് ലഭിച്ചാൽ ഏഴ് ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം. അറ്റ് റിസ്ക് അല്ലാത്ത രാഷ്ട്രങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്ത് കടക്കാമെങ്കിലും 14 ദിവസം സ്വയം നിരീക്ഷണത്തിലായിരിക്കണം.
അറ്റ് റിസ്ക് രാജ്യങ്ങൾ
ദക്ഷിണാഫ്രിക്ക, ബ്രിട്ടൺ, യൂറോപ്യൻ രാജ്യങ്ങൾ, ബ്രസീൽ,ബംഗ്ലാദേശ്, ഇസ്രായേൽ, സിംഗപ്പൂർ, മൗറീഷ്യസ്, ന്യൂസിലൻഡ്, ചൈന, സിംബാബ്വെ, ബോട്സ്വാന, ഹോങ്കോംഗ്.