മതം ഉപേക്ഷിക്കുകയാണെന്ന് സംവിധായകൻ അലി അക്‌ബർ

തിരുവനന്തപുരം: മതം ഉപേക്ഷിക്കുകയാണെന്ന് ചലച്ചിത്ര സംവിധായകൻ അലി അക്‌ബർ . ഫേസ്‌ബുക്ക് ലൈവിലൂടെയാണ് അലി അക്‌ബർ ഇക്കാര്യം അറിയിച്ചത്. സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് അന്തരിച്ചപ്പോൾ ആ വാർത്തയ്ക്കുനേരെ ഫേസ്‌ബുക്കിൽ ആഹ്‌ളാദപ്രകടനം നടന്നെന്നും അതിൽ പ്രതിഷേധിച്ചാണ് മതം വിടുന്നതെന്നും അലി അക്‌ബർ പറഞ്ഞു. രാജ്യവിരുദ്ധരുടെ കൂടെ നിൽക്കാനാവില്ലെന്ന് അലി അക്‌ബർ പറഞ്ഞു.

ബിപിൻ റാവത്തിന്റെ മരണവാർത്തയ്ക്ക് സോഷ്യൽ മീഡിയയിൽ ചിലർ സ്‌മൈലികൾ ഇടുന്നതായി ചൂണ്ടിക്കാട്ടി അലി അക്‌ബർ കഴിഞ്ഞ ദിവസം നടത്തിയ ഫേസ്‌ബുക്ക് ലൈവ് നടത്തിയിരുന്നു. എന്നാൽ ലൈവ് വീഡിയോയിലെ വർഗീയ പരാമർശം ചൂണ്ടിക്കാട്ടി ഫേസ്‌ബുക്ക് സംവിധായകന്റെ അക്കൗണ്ട് ഒരു മാസത്തേക്ക് നിർജ്ജീവമാക്കി. തുടർന്ന് മറ്റൊരു ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് മതം വിടുന്നതായ പ്രഖ്യാപനം.

‘ഇമോജി ഇട്ടവർക്കെതിരെ സംസാരിച്ച് അഞ്ച് മിനിറ്റിനകം അക്കൗണ്ട് ബ്ലോക്ക് ആയി. ഇത് അംഗീകരിക്കാൻ പറ്റില്ല. ഇതിനോട് യോജിക്കാനും പറ്റില്ല. അതുകൊണ്ട് ഞാൻ എന്റെ മതം ഉപേക്ഷിക്കുന്നു. എനിക്കോ എന്റെ കുടുംബത്തിനോ ഇനി മതമില്ല. ജന്മം കൊണ്ട് എനിക്കു കിട്ടിയ ഒരു ഉടുപ്പ് ഞാനിന്ന് വലിച്ചെറിയുകയാണ്. ഇന്ത്യയ്‌ക്കെതിരെ ആയിരക്കണക്കിന് ഇമോജികൾ ഇട്ടവരോടുള്ള എന്റെ ഉത്തരമാണിത്. ഭാര്യയുമായി വിശദമായി സംസാരിച്ചതിനു ശേഷമെടുത്ത തീരുമാനമാണിത്’, അലി അക്‌ബർ ലൈവ് വീഡിയോയിൽ പറഞ്ഞു.