കണ്ണൂർ വിമാനത്താവളിൽ എഴുപതുലക്ഷത്തിന്റെ സ്വർണവുമായി യുവാവ് പിടിയിൽ

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻസ്വർണ വേട്ട. ഇന്ന് പുലർച്ചെ ഷാർജയിൽ നിന്നും വിമാനത്താവളത്തിലെത്തിയ കൂത്തുപറമ്പ് സ്വദേശി മുബഷീറിൽ നിന്നാണ് അന്തരാഷ്ട്രമാർക്കറ്റിൽ 70 ലക്ഷം വിലമതിപ്പുള്ള സ്വർണം പിടികൂടിയത്.

ഇയാൾ സ്വർണക്കടത്ത് സംഘത്തിന്റെ കാരിയറാണെന്നു സംശയിക്കുന്നതായി കസ്റ്റംസ് അറിയിച്ചു. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞദിവസം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും കടത്താൻ ശ്രമിച്ച 90ലക്ഷം രൂപ വിലമതിക്കുന്ന 611ഗ്രാം സ്വർണവുമായി യാത്രക്കാരനെ പിടികൂടിയിരുന്നു. ഇന്നലെ പുലർച്ചെയെ ഷാർജയിൽ നിന്നും എയർ ഇന്ത്യാ എക്സ്പ്രസിലെത്തിയ കണ്ണാടിപറമ്പ് സ്വദേശി ത്വാഹയിൽ നിന്നാണ് സ്വർണം പിടികൂടിയത്.

പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം ഗുളികയുടെ മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു. പരിശോധനയിൽ അസി.കസ്റ്റംസ് കമ്മിഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി മാധവൻ, ഇൻസ്പെക്ടർമാരായ എൻ. അശോക്കുമാർ, മനോജ് കുമാർ, സൂരജ് ഗുപ്ത , ഹെഡ് ഹവിൽദാർമാരായ സി.സി ശശീന്ദ്രൻ, എം.വി വത്സല എന്നിവർ പങ്കെടുത്തു.