ഷെയ്ഖ് പി ഹാരിസും സഹ പ്രവര്‍ത്തകരും സിപിഐഎമ്മിലേക്ക്

തിരുവനന്തപുരം: എല്‍ജെഡി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസും സഹ പ്രവര്‍ത്തകരും ഇന്ന് സിപിഐഎമ്മില്‍ ചേരും. ഷെയ്ഖ് പി ഹാരിസ് ഉള്‍പ്പടെ 14 പേരാണ് സിപിഐഎമ്മില്‍ ചേരുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരിക്കും എകെജി സെന്ററില്‍ ഇവരെ സ്വീകരിക്കുക.

എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാറിന്റെ നയങ്ങളോട് ഒത്തു പോവാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രവര്‍ത്തകരുടെ രാജി. രാജിവച്ചശേഷം കോടിയേരി ബാലകൃഷ്ണനുമായി നേരത്തെ ഷെയ്ഖ് പി ഹാരിസ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

എല്‍ജെഡിയില്‍ രാജി അറിയിച്ചുകൊണ്ടുള്ള ഷെയ്ഖ് പി ഹാരിസിന്റെ കത്ത്-

രാജിക്കത്ത് ഇങ്ങനെ: ”കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഓണ്‍ലൈനില്‍ കൂടിയ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ പാര്‍ട്ടിയുടെ സംഘടന രാഷ്ട്രീയപരമായ ചില വിഷയങ്ങളെ സംബന്ധിച്ച് ഞാന്‍ ഉള്‍പ്പെടുന്ന മുതിര്‍ന്ന ചില സഖാക്കള്‍ ഉന്നയിച്ചിരുന്നല്ലോ. അതില്‍ പ്രധാനമായും എല്‍.ജെ.ഡിയുടെ സംസ്ഥാന നേതൃത്വത്തില്‍ പൂര്‍ണ്ണമായ നേതൃത്വമാറ്റം ആവശ്യപ്പെടുന്നതായിരുന്നു. അതിനെ സംബന്ധിച്ച് കേന്ദ്ര കമ്മിറ്റിയുടെ മുന്‍പാകെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും അത് ചര്‍ച്ച ചെയ്യുവാനോ പരിഹരിക്കുന്നതിനോ സാധിച്ചില്ല. അതിനുശേഷം താങ്കള്‍ പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹികളില്‍ നല്‍കിയിരുന്ന ചുമതലകളില്‍ ചില മാറ്റങ്ങള്‍ ഏകപക്ഷീയമായി വരുത്തുകയും തന്നിഷ്ടക്കാരെ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലും ഭാരവാഹികളായും നോമിനേറ്റ് ചെയ്യുകയും ചെയ്തു.” ”പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നിട്ട് തന്നെ മാസങ്ങളായി. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ദൈനംദിന പ്രശ്‌നങ്ങളില്‍ ഇടപെടാനോ സമൂഹം നേരിടുന്ന രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാനോ പ്രതികരിക്കുവാനോ കഴിയാത്ത അവസ്ഥയില്‍ പാര്‍ട്ടി ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എല്‍.ജെ.ഡി എന്ന താങ്കള്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആയതിനാല്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഞാന്‍ രാജി വയ്ക്കുന്നു.”