സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ്. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 36,800 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4600 രൂപയുമാണ് ഇന്നത്ത വില. ഇന്നലെ പവന് 37,000 രൂപയും ഗ്രാമിന് 4625 രൂപയുമായിരുന്നു വില.

280 രൂപയുടെ വർധനവാണ് ഇന്നലെ ഒരു പവൻ സ്വർണത്തിനുണ്ടായത്. ഫെബ്രുവരി 21 ന് 36720 രൂപയായിരുന്ന സ്വർണവില ഇന്നലെ ഒറ്റക്കുതിപ്പിന് 37,000 രൂപയായി.

ഫെബ്രുവരി 19, 20 തീയ്യതികളിൽ മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് ഇന്ന് സ്വർണവിലയിൽ നേരിയ കുറവുണ്ടായിരിക്കുന്നത്. ഈ മാസം 12,13,15 ദിവസങ്ങളിലായിരുന്നു സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. 37,440 രൂപയായിരുന്നു ഈ ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന്. ഒന്ന്, രണ്ട് തീയതികളിലായിരുന്നു കുറഞ്ഞ നിരക്ക്. 35,920 രൂപയായിരുന്നു ആ ദിവസങ്ങളില്‍ സ്വര്‍ണവില.