ഡോക്ടറെ ഹണിട്രാപ്പില്‍പ്പെടുത്തി; ലക്ഷങ്ങൾ തട്ടാന്‍ ശ്രമം; രണ്ടു യുവതികള്‍ പിടിയില്‍


തൃശൂര്‍: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച രണ്ടു യുവതികള്‍ പിടിയില്‍. മണ്ണുത്തി കറപ്പം വീട്ടില്‍ നൗഫിയ(27), കായംകുളം സ്വദേശിനി നിസ (29) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വാട്സ് ആപ്പിലൂടെ അയച്ച സന്ദേശങ്ങള്‍ തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് വരുത്തി ഡോക്ടറില്‍ നിന്ന് പണം തട്ടാനുള്ള ശ്രമമായിരുന്നു പ്രതികളുടേത്.

പരാതി നല്‍കാതിരിക്കാനായി മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ട് നിരവധി തവണ ഡോക്ടറെ ഇവര്‍ വാട്‌സ് ആപ്പ് കാള്‍ വഴിയും ചാറ്റ് വഴിയും ഭീഷണിപ്പെടുത്തി. ഇതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. ഡോക്ടര്‍ക്ക് പ്രതികള്‍ അയക്കുന്ന മെസേജുകള്‍ക്ക് പൊലീസ് മറുപടി നല്‍കാന്‍ തുടങ്ങി.

ആവശ്യപ്പെട്ട തുക നല്‍കാമെന്ന് അറിയിച്ചതോടെ ബെംഗളൂരുവില്‍ ഒരു യുവതി എത്തുമെന്ന് അറിയിച്ചു. തുടര്‍ന്ന് പണം കൈപ്പറ്റാന്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ നിസയെ പൊലീസ് പിടികൂടി. പിന്നാലെ കൂട്ടാളി നൗഫിയെയും പൊലീസ് വലയിലാക്കി.

രണ്ട് പേരും കൂടി ആസൂത്രണം ചെയ്താണ് ഡോക്ടറില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. എസിപി വി കെ രാജുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ കെ സി ബൈജു, സിനീയര്‍ സിപിഒ ഷൈജ, പ്രിയ, സിപിഒ ഷിനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.