നമ്പര്‍ നോട്ട് ചെയ്യ്, അയാളെ വിടാന്‍ പറ്റില്ല; നടുറോഡില്‍ മര്‍ദ്ദിച്ച ലീഗ് നേതാവിന്റെ മകനെ സഹോദരിമാര്‍ കുടുക്കിയത് ഇങ്ങനെ

മലപ്പുറം: നടുറോഡില്‍ വച്ച് മര്‍ദ്ദിച്ച പ്രമുഖ മുസ്ലീംലീഗ് നേതാവിന്റെ മകനായ സിഎച്ച് ഇബ്രാഹിം ഷബീറിനെ സഹോദരിമാര്‍ കുടുക്കിയത് വിദഗ്ദമായി. ഇബ്രാഹിം സഞ്ചരിച്ച കാറിന്റെ നമ്പറും മര്‍ദ്ദനത്തിന്റെ വീഡിയോയും ഇവര്‍ പകര്‍ത്തിയതോടെ പ്രതിയെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ പൊലീസിനും സാധിച്ചു.

ലീഗ് നേതാക്കളുടെ സമ്മര്‍ദ്ദത്തില്‍ കേസ് ഒതുക്കാനാണ് പൊലീസ് ആദ്യം ശ്രമിച്ചതെങ്കിലും പരാതിയുമായി പെണ്‍കുട്ടികള്‍ മുന്നോട്ട് നീങ്ങിയതോടെ, വീണ്ടും ഇവരുടെ മൊഴി രേഖപ്പെടുത്തുമെന്ന് തേഞ്ഞിപ്പാലം സിഐ അറിയിച്ചു. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലും മൊഴി രേഖപ്പെടുത്തുന്നതിലും വീഴ്ച്ച സംഭവിച്ചോയെന്ന് പരിശോധിക്കുമെന്നും സിഐ അറിയിച്ചു. തിരൂരങ്ങാടിയിലെ പ്രമുഖനായ ലീഗ് നേതാവിന്റെ മകനാണ് സി എച്ച് ഇബ്രാഹിം ഷെബീര്‍.

ഇബ്രാഹിം ഷബീര്‍ ലീഗ് സ്വാധീനമുള്ള വ്യക്തിയാണെന്ന് മര്‍ദ്ദനമേറ്റ പെണ്‍കുട്ടികള്‍ തന്നെയാണ് ആദ്യം പറഞ്ഞത്. ലീഗ് സ്വാധീനം ഉപയോഗിച്ച് പരാതി ഒതുക്കി തീര്‍ക്കാനാണ് ശ്രമം നടന്നതെന്നും അതിന് പൊലീസ് പിന്തുണയുണ്ടെന്നും പരാതിക്കാരി അസ്ന പറഞ്ഞു.