പോത്തുകല്ല്-മേപ്പാടി ഹൈവേ യാഥാർഥ്യമാക്കും- മുഖ്യമന്ത്രി വി.ഡി സതീശൻ

നിലമ്പൂരില്‍ നിന്ന് വയനാട്ടിലേക്ക് എളുപ്പത്തിൽ എത്താൻ സഹായിക്കുന്ന പോത്തുകല്ല്-മേപ്പാടി ഹൈവേ യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. നിലമ്പൂർ ബൈപ്പാസ് ഒന്നാം ഘട്ട നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് നിലമ്പൂരില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിലമ്പൂർ ബൈപ്പാസിന്റെ രണ്ടാംഘട്ട നിർമാണത്തിന് ആവശ്യമായ തുക ഒരു തടസ്സവുമില്ലാതെ യഥാസമയം അനുവദിക്കുമെന്നും പദ്ധതി വേഗത്തിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലമ്പൂരിന്റെ സമഗ്ര വികസനത്തിന് സർക്കാർ ഒപ്പമുണ്ടാകും. നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനായതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആറ് മാസത്തിനുള്ളിൽ നിലമ്പൂരിൽ ആറ് പ്രധാന പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. നിലമ്പൂര്‍ സര്‍ക്കാര്‍ കോളേജിന്റെ പ്രവൃത്തി ഉടന്‍ ആരംഭിക്കും. ഇതിനായി 25 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ബൈപ്പാസിന് പുറമെ 6.75 കോടി രൂപയുടെയും 7.5 കോടി രൂപയുടെയും പുഞ്ചക്കൊല്ലി, കുമ്പളപ്പാറ പാലങ്ങൾ, 43 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച് ടെൻഡർ നടപടികളിലേക്ക് കടക്കുന്ന മലയോര ഹൈവേ, 20 കോടി രൂപ അനുവദിച്ച കെ.എൻ.ജി റോഡ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലമ്പൂർ ബൈപ്പാസിന്റെ രണ്ടാംഘട്ട നിർമ്മാണം ഡിസംബറിൽ ആരംഭിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി മുടങ്ങിക്കിടന്ന നാടുകാണി ചുരം – പരപ്പനങ്ങാടി റോഡിന്റെ നവീകരണത്തിനായി സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും, ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ജനുവരിയിൽ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് വികസനത്തിൽ പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങൾക്ക് മുൻഗണന നൽകി ഈ സർക്കാരിന്റെ കാലത്ത് 350 പുതിയ പാലങ്ങൾ നിർമ്മിക്കാനും 16,000 കിലോമീറ്റർ പൊതുമരാമത്ത് റോഡുകൾ ഘട്ടംഘട്ടമായി നവീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലമ്പൂർ മുനിസിപ്പാലിറ്റിയെയും ചാലിയാറിനെയും മൊടവണ്ണയുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമ്മാണം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പി.കെ ബഷീര്‍ കൂട്ടിച്ചേർത്തു.
വികസന പദ്ധതികൾക്കായുള്ള അനന്തമായ കാത്തിരിപ്പ് അവസാനിപ്പിച്ച് ഓരോ പദ്ധതിയും സമയബന്ധിതമായി പൂർത്തിയാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ റവന്യു വകുപ്പ് മന്ത്രി എ.പി അനിൽകുമാർ പറഞ്ഞു. പദ്ധതികൾ നടപ്പാക്കുന്നതിനുള്ള കാലതാമസം കുറയ്ക്കുക എന്നതിന് മുഖ്യമന്ത്രി തന്നെ നേരിട്ട് നേതൃത്വം നൽകുകയാണ്. ഒരു പദ്ധതിക്കായി വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ട് പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി എ.പി അനില്‍കുമാര്‍ പറഞ്ഞു.

പൊതുമരാമത്ത് വകുപ്പ് (നിരത്തുകൾ വിഭാഗം) ചീഫ് എഞ്ചിനീയർ എം. അൻസാർ റിപ്പോർട്ട് അവതരിപ്പിച്ചു. പി.വി അബ്ദുൾ വഹാബ് എം.പി, ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ, നിലമ്പൂർ നഗരസഭാ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ്, വൈസ് ചെയർപേഴ്സൺ ഷൗക്കത്തലി കൂമഞ്ചേരി, നഗരസഭാ കൗൺസിലർമാരായ എം.കെ വിജയനാരായണൻ, പി. സനില, പുഷ്പവല്ലി, എ.ടി ഫ്രാൻസിസ് ലിജി, കിഷോർകുമാർ, പി. വിജയലക്ഷ്മി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ആര്യാടൻ ഷൗക്കത്ത് എം.എൽ.എ സ്വാഗതവും പൊതുമരാമത്ത് വകുപ്പ് (നിരത്തുകൾ വിഭാഗം) നോർത്ത് സർക്കിൾ സൂപ്രണ്ടിങ് എഞ്ചിനീയർ പി.കെ മിനി നന്ദിയും പറഞ്ഞു.
ജ്യോതിപ്പടി മുതൽ ചക്കാലക്കുത്ത് വരെയുള്ള 2.46 കിലോമീറ്റർ ബൈപ്പാസിന്റെ ഒന്നാംഘട്ട നിർമാണോദ്ഘാടമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. കോഴിക്കോട്-നിലമ്പൂർ-ഗൂഡല്ലൂർ റോഡിൽ (സംസ്ഥാനപാത 28) ജ്യോതിപ്പടിയിൽനിന്ന് ആരംഭിച്ച് വെളിയംതോട് അവസാനിക്കുന്ന വിധത്തിൽ രണ്ട് ഘട്ടങ്ങളിലായി ആറ് കിലോമീറ്റർ നീളത്തിലും 30 മീറ്റർ വീതിയിലുമാണ് ബൈപ്പാസ് നിർമിക്കുന്നത്. പദ്ധതിക്കായി 44.48 ഏക്കർ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. 2011-ൽ പരിഗണനയിൽ വന്ന പദ്ധതിക്കായി 2013-ൽ ഭൂമി ഏറ്റെടുക്കലിന് 35 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും 2016-ൽ ആദ്യഘട്ടത്തിൽ 1,860 മീറ്റർ റോഡിന്റെ ഫോർമേഷൻ പ്രവൃത്തി പൂർത്തിയാക്കുകയും ചെയ്തിരുന്നു. തുടർന്ന് ഭൂമി ഏറ്റെടുക്കലിലെ വിലവ്യത്യാസം ഉൾപ്പെടുത്തി 2023 മേയ് 20-ന് 227.18 കോടി രൂപയുടെ സമഗ്ര എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചു.
മലബാർ ടെക് എന്ന കമ്പനിയാണ് ആദ്യ റീച്ചിന്റെ പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്. 18 മാസമാണ് പൂർത്തീകരണ കാലാവധി. നാലുവരിപ്പാതയായി വിഭാവനം ചെയ്തിരിക്കുന്ന ബൈപ്പാസ് റോഡിൽ ഇരുഭാഗങ്ങളിലുമായി ഒൻപത് മീറ്റർ കാര്യേജ് വേ, രണ്ട് മീറ്റർ വീതിയിൽ സൈക്കിൾ ട്രാക്ക്, കാൽനടക്കാർക്കായി ഫുട്പാത്ത്, മധ്യഭാഗത്ത് മൂന്ന് മീറ്റർ വീതിയിൽ മീഡിയൻ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. ബൈപ്പാസ് യാഥാർഥ്യമാകുന്നതോടെ നിലമ്പൂർ നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാകും. ദീർഘദൂര യാത്രക്കാർക്കും ഭാരവാഹനങ്ങൾക്കും നഗരത്തിൽ പ്രവേശിക്കാതെ ലക്ഷ്യസ്ഥാനത്തേക്ക് പോകാനും നിലമ്പൂർ റെയിൽവെ സ്റ്റേഷൻ, പെരിന്തൽമണ്ണ, പട്ടാമ്പി, വണ്ടൂർ ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും സാധിക്കും.
