ഭക്ഷ്യസുരക്ഷാ വകുപ്പ്ഒരാഴ്ച്ചക്കിടെ പരിശോധന നടത്തിയത് 75 സ്ഥാപനങ്ങളില്‍
പരിശോധനയും നടപടിയും കര്‍ശനമാക്കി
മലപ്പുറം: ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തെ തുടര്‍ന്ന് ജില്ലയില്‍ പരിശോധനയും നടപടിയും കര്‍ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ജില്ലയിലെ 75 സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ജില്ലയിലെ വിവിധ ഷവര്‍മ വില്‍പ്പന കേന്ദ്രങ്ങളിലും മറ്റു ഭക്ഷ്യ വിപണന കേന്ദ്രങ്ങളിലുമായിരുന്നു പരിശോധന. പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആറ് കിലോ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചു. ഒരാഴ്ച്ചക്കിടെ രണ്ട് സ്ഥാപനങ്ങള്‍ പൂട്ടിച്ചതായും 35000 രൂപ പിഴ ചുമത്തിയതായും ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.കെ അനിലന്‍ അറിയിച്ചു. വിവിധ സ്ഥാപനങ്ങളില്‍ നിന്നായി ഏഴ് സര്‍വയലന്‍സ് സാമ്പിളുകള്‍ ശേഖരിച്ച് കോഴിക്കോട് റീജ്യണല്‍ അനലറ്റിക്കല്‍ ലാബിലേക്ക് പരിശോധനക്കായി അയച്ചിട്ടുമുണ്ട്. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച 11 സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കി. ജില്ലയില്‍ സഞ്ചരിക്കുന്ന ഭക്ഷ്യ സുരക്ഷാ ലബോറട്ടറി ഉപയോഗിച്ച് 11 ഇടങ്ങളിലാണ് പരിശോധനനടത്തിയത്. വരും ദിവസങ്ങളിലും ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് ഭക്ഷ്യ സുരക്ഷാ അസി.കമ്മീഷണര്‍ വ്യക്തമാക്കി. കാസര്‍ഗോഡ് ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചതിനെ തുടര്‍ന്നാണ് വ്യാപക പരിശോധനയും നടപടിയും.ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരായ ജി.എസ് അര്‍ജുന്‍, ഡോ.വി.എസ് അരുണ്‍കുമാര്‍, ഡോ. കെ.സി മുഹമ്മദ് മുസ്തഫ, പി അബ്ദുള്‍റഷീദ്,യു.എം ദീപ്തി, ബിബി മാത്യു, കെ.ജി രമിത,ആര്‍ ശരണ്യ, പ്രിയ വില്‍ഫ്രെഡ് എന്നിവരുടെ നേത്യത്വത്തിലായിരുന്നു പരിശോധന.