Shobika

നഗ്നതാപ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവി റിമാന്‍ഡില്‍; മനോരോഗവും മരുന്നുകഴിച്ചില്ലെന്ന വാദവും പാഴായി

തൃശ്ശൂര്‍: കുട്ടികള്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവി റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് തൃശ്ശൂര്‍ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തത്. മാനസികരോഗം കാരണം ചെയ്തുപോയതാണെന്നും ജാമ്യം നല്‍കണമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല.

1 st paragraph

തൃശ്ശൂര്‍ അയ്യന്തോളിലെ പാര്‍ക്കില്‍വെച്ച് ശ്രീജിത്ത് രവി കുട്ടികള്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയെന്നായിരുന്നു പരാതി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കേസിലെ പ്രതി നടന്‍ ശ്രീജിത്ത് രവിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ വീട്ടിലെത്തി പിടികൂടുകയായിരുന്നു.

2nd paragraph

ജൂലായ് നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇതിന് തലേദിവസവും ശ്രീജിത്ത് രവി കുട്ടികള്‍ക്ക് നേരേ നഗ്‌നതാപ്രദര്‍ശനം നടത്തിയിരുന്നു. അന്ന് കുട്ടികള്‍ വീട്ടുകാരോട് കാര്യം പറഞ്ഞെങ്കിലും പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ തൊട്ടടുത്തദിവസവും പ്രതി ഇത് ആവര്‍ത്തിച്ചതോടെയാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്.

അയ്യന്തോളിലെ പാര്‍ക്കിന് സമീപം കാറിലെത്തിയാണ് നടന്‍ ശ്രീജിത്ത് രവി കുട്ടികള്‍ക്ക് നേരേ നഗ്‌നതാപ്രദര്‍ശനം നടത്തിയത്. കുട്ടികള്‍ സ്‌കൂള്‍ വിട്ട് വരുന്നതിന് മുമ്പ് തന്നെ ഇയാള്‍ ഇവിടേക്ക് കാറിലെത്തിയിരുന്നു. തുടര്‍ന്ന് കുട്ടികള്‍ വരുമ്പോള്‍ അവര്‍ക്ക് നേരേ നഗ്‌നതാപ്രദര്‍ശനം നടത്തുകയായിരുന്നു.

നഗ്‌നതാപ്രദര്‍ശനം നടത്തിയത് സിനിമാ നടനാണെന്ന് കുട്ടികളോ ഇവരുടെ വീട്ടുകാരോ തിരിച്ചറിഞ്ഞിരുന്നില്ല. കറുത്ത കാറിലെത്തിയ ആളാണെന്നും സംഭവം നടന്ന സമയവും മാത്രമാണ് കുട്ടികള്‍ പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് പോലീസ് ഈ സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹനം തിരിച്ചറിഞ്ഞു. ഇതോടെയാണ് കാറില്‍ വന്നത് നടന്‍ ശ്രീജിത്ത് രവിയാണെന്ന് വ്യക്തമായത്. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ തൃശ്ശൂരിലെ വീട്ടില്‍നിന്ന് നടനെ തൃശ്ശൂര്‍ വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ പരാതി നല്‍കിയ കുട്ടികളും തിരിച്ചറിഞ്ഞിട്ടുണ്ട്.

അതേസമയം, തനിക്ക് മാനസികരോഗമുണ്ടെന്നും ഇതിന് ചികിത്സ തേടുന്നതായും നടന്‍ പോലീസിനോട് പറഞ്ഞു. മാനസികരോഗത്തിന് മരുന്ന് കഴിക്കുന്നുണ്ട്. മരുന്ന് കഴിക്കാത്തതിനാലാണ് ഈ തെറ്റ് പറ്റിപ്പോയതെന്നും ശ്രീജിത്ത് രവി പോലീസിനോട് പറഞ്ഞിരുന്നു. കോടതിയില്‍ ഹാജരാക്കിയപ്പോളും പ്രതിഭാഗവും ഇതുതന്നെയാണ് ആവര്‍ത്തിച്ചത്. ശ്രീജിത്ത് രവിക്ക് സൈക്കോ തെറാപ്പി ചികിത്സ നടത്തുന്നുണ്ടെന്നും പ്രതിഭാഗം വാദിച്ചു.

എന്നാല്‍, പ്രതിഭാഗം ഹാജരാക്കിയ മെഡിക്കല്‍ രേഖകള്‍ ഇന്നത്തെ തീയതിയിലുള്ളതാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ആറുമാസം മുമ്പുവരെയാണ് പ്രതി ചികിത്സ തേടിയിരുന്നതെന്നും ഇപ്പോള്‍ ജാമ്യം ലഭിക്കാനായാണ് ഈ രേഖകള്‍ ഹാജരാക്കിയതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. പ്രതി നേരത്തെയും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

നേരത്തെ പാലക്കാട് ജില്ലയിലും ശ്രീജിത്ത് രവിക്കെതിരേ സമാനമായ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പാലക്കാട് പത്തിരിപ്പാലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരേ നഗ്‌നതാപ്രദര്‍ശനം നടത്തിയതിനാണ് ശ്രീജിത്ത് രവി അറസ്റ്റിലായത്. എന്നാല്‍ ഈ കേസില്‍ പിന്നീട് പ്രതി മാപ്പ് പറഞ്ഞതായും കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കിയതായുമാണ് വിവരം.