മലമ്പുഴ ഡാം തുറന്നു; മുക്കൈപ്പുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
പാലക്കാട്: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി മലമ്പുഴ ഡാം തുറന്നു. ശനിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ ഡാമിന്റെ നാല് ഷട്ടറുകൾ 15 സെന്റിമീറ്റർ വീതമാണ് തുറന്നത്. ഒരുമണിക്കൂറിന് ശേഷം ഇത് 30 സെന്റിമീറ്റർ ആയി ഉയർത്തും.
ഡാം തുറന്ന സാഹചര്യത്തിൽ മുക്കൈപ്പുഴ, കൽപ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൃഷ്ടിപ്രദേശത്ത് മഴ കുറവായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. 115.6 അടിയാണ് മലമ്പുഴ ഡാമിന്റെ പരമാവധി സംഭരണശേഷി. ജലനിരപ്പ് 111.46 അടിയായി ഉയർന്നതോടെയാണ് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നാല് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം ഉയർത്താൻ തീരുമാനിച്ചത്.
അതിനിടെ, ഇടുക്കി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി ഉയർന്നു. ഈ സാഹചര്യത്തിൽ മഞ്ചുമല വില്ലേജ് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും തുറന്നിട്ടുണ്ട്. അടുത്ത അഞ്ചുദിവസം കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.