മിരാഭായ് ചാനുവിന് ചരിത്ര സ്വർണം; കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ വേട്ട

ലണ്ടൻ: കോമൺവെൽത്ത് ഗെയിംസിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യ ഭാരോദ്വഹനത്തിൽ നടത്തിയത് മെഡൽ വേട്ട. 49 കിലോ വിഭാഗത്തിൽ ഗെയിംസ് റെക്കോർഡോടെ മിരഭായ് ചാനു സ്വർണം നേടിയത് ഇന്ത്യയ്ക്ക് അഭിമാനമായി. ഭാരോദ്വഹനത്തിൽ ഒരു സ്വർണം, രണ്ട് വെള്ളി, ഒരു വെങ്കലം ഉൾപ്പെടെ നാല് മെഡൽ നേടി. 201 കിലോ ഉയർത്തി ഗെയിംസ് റെക്കോഡോടെയാണ് ചാനു കോമൺവെൽത്ത് ഗെയിംസിൽ തുടർച്ചയായ രണ്ടാം സ്വർണം നേടിയത്. 59 കിലോ പുരുഷ വിഭാഗം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ സങ്കേത് സാര്‍ഗാർ വെള്ളി നേടി. 61 കിലോഗ്രാം വിഭാഗത്തിൽ ഗുരുരാജ പൂജാരി വെങ്കലം സ്വന്തമാക്കി. ബിന്ധ്യാ റാണിയാണ് നാലാം മെഡൽ ഇന്ത്യക്കായി നേടിയത്. 55 കിലോ വിഭാഗത്തിൽ 202 കിലോ ഉയർത്തി. ക്ളീൻ ആന്റ് ജെർക്കിൽ 116 കിലോ ഉയർത്തി ഗെയിംസ് റെക്കോഡിട്ടു.

മണിപ്പൂരിൽ നിന്നുള്ള മിരാഭായ് ചാനു സുവർണ പ്രതീക്ഷയോടെയാണ് മൽസരിക്കാൻ ഇറങ്ങിയത്. രാജ്യത്തിന്‍റെ പ്രതീക്ഷ കാത്ത പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞു. റിയോ 2020 ഒളിമ്പിക് വെള്ളി മെഡൽ ജേതാവ് ആണ്
27 കാരിയായ ഇംഫാൽ സ്വദേശിനി ചാനു. തന്റെ ആദ്യ ശ്രമത്തിൽ തന്നെ എതിരാളികളെ പിന്നിലാക്കാൻ അവർക്ക് കഴിഞ്ഞു. ആദ്യ ശ്രമത്തിൽ തന്നെ 84 കിലോ ഭാരമാണ് അവർ ഉയർത്തിയത്. രണ്ടാം ശ്രമത്തിൽ 88 കിലോയും മൂന്നാം ശ്രമത്തിൽ 90 കിലോയെന്ന നേട്ടത്തിലെത്താനായില്ലെങ്കിലും തൊട്ടടുത്ത എതിരാളിയേക്കാൾ 12 കിലോയുടെ ലീഡ് നേടാൻ ചാനുവിന് കഴിഞ്ഞു. ഇതിനോടകം കോമൺവെൽത്ത് ഗെയിംസ് റെക്കോർഡ് മറികടക്കാനും ചാനുവിന് കഴിഞ്ഞു. സ്വർണ മെഡൽ നേടിയ മിരാഭായ് ചാനുവിനെ പ്രധാനമന്ത്രി മോദി പ്രശംസിച്ചു.

ഇന്നും ഭാരോദ്വഹനത്തിൽ ഇന്ത്യ മെഡൽ പ്രതീക്ഷിക്കുന്നു. വനിതകളുടെ 59 കിലോ വിഭാഗത്തിൽ പോപി ഹസാരിക, 73 കിലോ വിഭാഗത്തിൽ അചിന്ത സെഹൂലി പുരുഷ വിഭാഗത്തിൽ ജെറേമി ലാൽ റിങ്ക്വ എന്നിവർ മെഡൽ പ്രതീക്ഷയുമായി ഇറങ്ങും. വനിത ക്രിക്കറ്റിൽ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും. ഉച്ചയ്ക്ക് 3.30 നാണ് മൽസരം. ആദ്യ മൽസരത്തിൽ ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടിരുന്നു.

പുരുഷ ഹോക്കിയിൽ ഇന്ത്യ ആദ്യ വിജയം ലക്ഷ്യമിട്ട് ഇന്നിറങ്ങും. രാത്രി 8.30 ന് നടക്കുന്ന മൽസരത്തിൽ ഘാനയാണ് എതിരാളി. അവസാനമായി ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ ഘാനയെ 7-0 ന് തോൽപിച്ചിരുന്നു . മലയാളി താരം സജൻ പ്രകാശ് ഇന്ന് പുരുഷ 200 മീറ്റർ ബട്ടർഫ്ളൈ സ്ട്രോക്കിൽ മൽസരിക്കും. ബോക്സിങ്ങിലും സ്ക്വാഷിലും ഇന്ത്യ അടുത്ത റൗണ്ട് മൽസരങ്ങൾക്കിറങ്ങും. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിൽ യോഗേശ്വർ സിങ്ങും മെഡൽ പ്രതീക്ഷയിലാണ്.

ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് തുടർച്ചയായ രണ്ടാം ജയം. വെയിൽസിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ചു. മൂന്നും പെനാൽറ്റി കോർണറിൽ നിന്നായിരുന്നു. വന്ദന കഠാരിയ രണ്ടും ഗുർജിത് കൗർ ഒരു ഗോളും നേടി.

അതേസമയം കോമൺ വെൽത്ത് ഗെയിംസ് നീന്തലിൽ ഇന്ത്യക്ക് മെഡൽ നേടാനായില്ല. 100 മീറ്റർ ബാക്ക് സ്ട്രോക്ക് ഫൈനലിൽ ശ്രീഹരി നടരാജൻ ഏഴാമതായാണ് ഫിനിഷ് ചെയ്തത് . 54.31 സെക്കൻഡാണ് സമയം.