50 കോടിയുടെ മണി ചെയിൻ തട്ടിപ്പില്‍ വീണ്ടും അറസ്റ്റ്
മലപ്പുറം: 50 കോടിയോളം രൂപ മണിചെയിൻ മാതൃകയിൽ തട്ടിയ അന്തർ സംസ്ഥാന സംഘത്തിലെ ഒരു കണ്ണി കൂടി കൊണ്ടോട്ടി പോലീസിൻ്റെ പിടിയിലായി. കേരളത്തിലെ വിവിധ ജില്ലകളും തമിഴ്നാട്, ബംഗാൾ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുംകോടികൾ തട്ടിയ തട്ടിപ്പു സംഘത്തിലെ പത്തനംതിട്ട ആറന്മുള സ്വദേശി ശ്രീകൃഷണ ഭവനം ശ്യാം കൃഷ്ണനെ (29) ആണ് പ്രത്യേക അന്വേഷണ സംഘം ആറന്മുളയില് നിന്നും കസ്റ്റഡിയിൽ എടുത്തത്. ബയോടക്നോളജിയിൽ ബിരുദധാരിയായ ഇയാൾ എറണാംകുളത്ത് വെബ് ഡിസൈനിംഗും സോഫ്റ്റ് വെയർ നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥാപനം നടത്തി വരികയാണ്. കൂടാതെ പത്തനം തിട്ടയിൽ ലക്ഷങ്ങൾ വിലവരുന്ന വളർത്തു പക്ഷികളുടെ ഫാമും നടത്തുന്നുണ്ട്.
പിടിയിലായ തട്ടിപ്പു സംഘത്തലവൻ രതീഷ് ചന്ദ്രയുമായി ഇയാൾക്ക് ബന്ധം ഉണ്ട്. പട്ടാമ്പിയിൽ സമാന തട്ടിപ്പിന് ഉപയോഗിച്ച സോഫ്റ്റ് വെയർ നിർമ്മിച്ച് നൽകിയത് ഇയാളാണ്. കോടികൾ തട്ടിയ ഈ കമ്പനിക്കു വേണ്ടിയും ഇയാളാണ് സോഫ്റ്റ് വെയർ നിർമ്മിച്ചു നൽകിയത്. കമ്പനിയിൽ നിന്നും സോഫ്റ്റ് വെയർ ഹാക്ക് ചെയ്തും 2 കോടിയോളം രൂപ ഇയാൾ തട്ടിയെടുത്തതായി പറയുന്നു.
കമ്പ്യൂട്ടർ വിദഗ്ദ്ധനായ ഇയാളാണ് തട്ടിപ്പിലൂടെ ലഭിച്ച പണം കൈകാര്യം ചെയ്തിരുന്നത്. തട്ടിപ്പിലൂടെ ലഭിച്ച പണം സിനിമാ മേഖലകളിലും, റിയൽ എസ്റ്റേറ്റ് ബിസിനസിലും ക്രിപ്റ്റോ കറൻസിയിലും നിക്ഷേപിച്ചതായി വിവരം ഉണ്ട്. 2020 ഒക്ടോബർ 15 ന് ആണ് തൃശ്ശൂരും കോഴിക്കോടും കേന്ദ്രീകരിച്ച് ആർ വൺ ഇൻഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം പാലക്കാട് പട്ടാമ്പി സ്വദേശി രതീഷ് ചന്ദ്രയും ബാബുവും ചേർന്ന് തുടങ്ങുന്നത്. മൾട്ടി ലവൽ ബിസിനസ് നടത്തുന്ന ചിലരെ കൂടെ കൂടി തട്ടിപ്പിന് ഇവർ വേഗം കൂട്ടി.
രതീഷ് ചന്ദ്രയും മീശ ബാബുവും ആണ് തട്ടിപ്പിൻ്റെ മുഖ്യ ആസൂത്രകർ . കേരളത്തിലെ എല്ലാ ജില്ലകളിലും എക്സിക്യൂട്ടിവു മാരെ വൻ ശമ്പളത്തിന് നിയമിച്ചു.11250 രൂപ കമ്പനിയിൽ അടച്ചു ചേരുന്ന ഒരാൾക്ക് 6 മാസം കഴിഞ്ഞ് 2 വർഷത്തിനുള്ളിൽ 10 തവണകളായി 2,70, 000 രൂപ ലഭിക്കും എന്നായിരുന്നു വാഗ്ദാനം. കൂടാതെ ആര് പി ബോണസ് ആയി 81 ലക്ഷം രൂപ കൂടാതെ റഫറൽ കമ്മീഷനായി 20% വും ലഭിക്കും. ഒരാളെ ചേർത്താൽ 2000 രൂപ ഉടനടി അക്കൗണ്ടിൽ എത്തും 100 പേരെ ചേർത്താൽ കമ്പനിയുടെ സ്ഥിരം സ്റ്റാഫും വൻ സാലറിയും. കമ്പനിയുടെ മോഹന വാഗ്ദാനത്തിൽ വീണത് ഗൾഫിൽ ജോലി ചെയ്യുന്നവരും വീട്ടമ്മമാരും കുടുംബശ്രീയിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടെ 35000 ഓളം പേരാണ്.
പലർക്കും കമ്പനി പറഞ്ഞ ലാഭവും നിക്ഷേപിച്ച പണവും തിരികെ ലഭിക്കാതായതോടെ തട്ടിപ്പ് മനസിലായി തുടങ്ങി. പലരും പരാതിയുമായി പോലീസിനെ സമീപിച്ചു. പോലീസ് സൈബർ ഡോമിൻ്റ പേരിൽ വ്യാജ ബ്രൗഷറുകൾ വിതരണം ചെയ്തും വിവിധ ബിസിനസ് മാസികകളില്‍ സ്പോണ്‍സേര്‍ഡ് ലേഖനങ്ങള്‍ പ്രസിദ്ധീകരിപ്പിച്ചും ആണ് പ്രതികൾ തട്ടിപ്പു നടത്തി വന്നത് .തട്ടിപ്പിലൂടെ സമ്പാദിച്ച പണം ആഡംബര വാഹനങ്ങൾ വാങ്ങുന്നതിനും ഫ്ലാറ്റുൾപ്പെടെ സ്ഥലങ്ങൾ വാങ്ങുന്നതിനും ഉപയോഗിച്ചതായും ക്രിപ്റ്റോ കറസിയാക്കി വിദേശത്തേക്ക് കടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികളെ പിടികൂടിയതറിഞ്ഞ് പണം നഷ്ടപ്പെട്ട നിരവധി പേരാണ് പരാതിയുമായി എത്തിയത്. ഇതുമായി ബന്ധപ്പെട്ട വിവിധ സ്റ്റേഷനുകളിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളായ രതീഷ് ചന്ദ്ര , ബാബു എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻ്റിൽ കഴിഞ്ഞ് വരികയാണ്.,കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ പി എസിന്ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡിവൈഎസ്പി അഷ്റഫിൻ്റെ നേതൃത്വത്തിൽ കൊണ്ടോട്ടി ഇൻസ്പക്ടർ മനോജ് പ്രത്യേക സംഘാംഗങ്ങളായ പി.സഞ്ജീവ്, ഷബീർ ,രതീഷ് ഒളരിയൻ ,സബീഷ്, സുബ്രഹ്മണ്യൻ , പ്രശാന്ത് എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തി വരുന്നത്.