പാരമ്പര്യ വൈദ്യനെ തട്ടിക്കൊണ്ടു വന്ന് കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു

നിലമ്പൂർ. പാരമ്പര്യ വൈദ്യൻ മൈസൂരുവിലെ  ഷാബാഷെരീഫിനെ തട്ടിക്കൊണ്ടു വന്ന് കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മൊത്തം 3177 പേജുകളുള്ള കുറ്റപത്രം ആണ് ഇൻസ്പെക്ടർ പി.വിഷ്ണു നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചത്. 

കേസിൽ മൊത്തം 15 പ്രതികളാണ്. അറസ്റ്റ് ചെയ്ത 12 പേർക്ക് എതിരെയാണ്  കുറ്റപത്രം നൽകിയത്. ഒന്നാം പ്രതി വ്യവസായിയായ നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫാണ്. 14-ാം പ്രതി ഷൈബിൻ്റ ഭാര്യ സഫ്നയും . ബത്തേരി സ്വദേശികളായ പൊന്നേക്കാരൻ ഷിഹാബുദ്ദീൻ, തങ്ങളകത്ത് നൗഷാദ്, ഷൈബിൻ്റ ഡ്രൈവർ നടുത്തൊടിക നിഷാദ്, പൂളക്കുളങ്ങര ഷബീബ് റഹ്മാൻ, കൂത്രാടൻ അജ്മൽ, ചീര ഷഫീക്ക്, കാപ്പുമുഖത്ത് അബ്ദുൽ വാഹിദ്, പാല പറമ്പിൽ കൃഷ്ണപ്രസാദ്, കൈപ്പഞ്ചേരി സുനിൽ, കാപ്പിൽ മിഥുൻ എന്നിവരാണ് പിടിയിലായ കൂട്ടുപ്രതികൾ. കൈപ്പഞ്ചേരി ഫാസിൽ, കുന്നേക്കാടൻ ഷമീം, വയനാട്ടിലെ റിട്ട. എസ്ഐ എസ്. സുന്ദരൻ എന്നിവരെയാണ് പിടികിട്ടാനുള്ളത്.

മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി രഹസ്യം ചോർത്താൻ 2019 ഓഗസ്റ്റ് ആദ്യം ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടു.വന്ന് മുക്കട്ടയിൽ ഷൈബിൻ്റ വസതിയിൽ തടവിൽ പാർപ്പിക്കുകയും 2020 ഒക്ടോബറിൽ കൊന്ന് മൃതദേഹം വെട്ടി നുറുക്കി എടവണ്ണ പാലത്തിൽ നിന്ന് ചാലിയാറിൽ ഒഴുക്കിയെന്നും ആണ് കേസ്. നൗഷാദിൻ്റേ നേതൃത്വത്തിൽ ഷൈബിൻ്റ വീട് ആക്രമിച്ച് കവർച്ച നടത്തിയതും തുടർന്ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുൻപിൽ നടത്തിയ വെളിപ്പെടുത്തലുകളും ആണ് കുറ്റകൃത്യം വെളിച്ചത്ത് കൊണ്ടുവന്നത്. കേസിൽ നിലവിൽ 107 സാക്ഷികളും 32 തൊണ്ടിമുതലുകളും ഉണ്ട്. മൃതദേഹാവശിഷ്ടം കിട്ടാത്തതിനാൽ ഡിഎൻഎ പരിശോധനാ ഫലം ഉൾപ്പെെടെ ശാസ്ത്രീയ തെളിവുകൾ നിർണായകമാകും. ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ്, ഡിവൈഎസ്പി സാജു കെ.ഏബ്രഹാം എന്നിവരുടെ മേൽനോട്ടത്തിലാണ് കേസ് അന്വേഷിച്ചത്. കേസ് രജിസ്റ്റർ ചെയ്ത്  88-ാം ദിവസം ആണ് കുറ്റപത്രം സമർപ്പിച്ചത്. മഞ്ചേരി സെഷൻസ് കോടതിക്ക് കൈമാറി വൈകാതെ വിചാരണ തുടങ്ങും. ഒളിവിലുള്ള 3 പേരെ പിടികൂടാൻ പൊലീസ് ശ്രമം ഊർജിതമാക്കി.