യുവതിയുടെ നഗ്നഫോട്ടോ കൈക്കലാക്കി പീഢനം: യുവാവ് അറസ്റ്റിൽ


നിലമ്പൂർ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്നഫോട്ടോകളും, വീഡിയോയും കൈക്കലാക്കുകയും പിന്നീട് ഇവ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് പീഢിപ്പിക്കാൻ ശ്രമിക്കുകയും, പണം തട്ടിയെടുക്കാനും ശ്രമിച്ച തിരുവനന്തപുരം പുനലാൽ ചക്കിപ്പാറ സ്വദേശി ലെനിൻ രാജ് ഭവനിൽ ഷുഹൈബ്, (23) നെയാണ് നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ പി.വിഷ്ണുവിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.

വ്യാജ ഇൻസ്റ്റ ഗ്രാം അക്കൗണ്ട് വഴി യുവതിയെ പരിചയപ്പെട്ട പ്രതി യുവതിയുടെ നഗ്നഫോട്ടോകളും, വീഡിയോയും കൈക്കലാക്കുകയായിരുന്നു. പിന്നീട് ഇവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മൂന്നു മാസം മുൻപ് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പണം ആവശ്യപ്പെട്ടും ഭീഷണി തുടർന്നപ്പോൾ യുവതി പോലീസിൽ അറിയിച്ചു. തുടർന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് IPS ൻ്റെ നിർദ്ദേശപ്രകാരം ഇന്നലെ കേസ്സ് രജിസ്റ്റർ ചെയ്ത പോലീസ് ഉപ്പടയിലുള്ള ഭാര്യ വീടിനു സമീപം വെച്ച് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് നഗ്നചിത്രങ്ങൾ കൈക്കലാക്കി പീഡിപ്പിക്കുന്ന നിരവധി പരാതികൾ ഇപ്പോൾ പോലീസിനു ലഭിക്കുന്നുണ്ട്. SI എം.അസൈനാർ, എൻ.പി.സുനിൽ, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത്