വിജയത്തുടക്കം സ്വന്തമാക്കി സഞ്ജുവിന്റെ രാജസ്ഥാന്‍
ഐപിഎല്‍ 2023ലെ തങ്ങളുടെ ആദ്യ മത്സരം വിജയിച്ച് തുടങ്ങി മലയാളികളുടെ സ്വന്തം സഞ്ജുവിന്റെ രാജസ്ഥാന്‍. ബൗളര്‍മാരും ബാറ്റര്‍മാരും ഒരുപോലെ തിളങ്ങിയ മത്സരത്തില്‍ ആധികാരികമായിത്തന്നെയാണ് രാജസ്ഥാന്റെ വിജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. 72 റണ്‍സിന്റെ വലിയ വിജയം രാജസ്ഥാന് സ്വന്തം.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് മിന്നുംതുടക്കമാണ് ഓപ്പണര്‍മാരായ ജെയ്‌സ്വാളും ബട്‌ലറും കൂടി നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 5.5 ഓവറില്‍ 85 റണ്‍സ് നേടിയാണ് ഓപ്പണര്‍മാര്‍ തിളങ്ങിയത്. ബട്‌ലര്‍ 22 ബോളില്‍ 54 റണ്‍സും ജെയ്‌സ്വാള്‍ 37 പന്തില്‍ 54 റണ്‍സും നേടി. ആദ്യവിക്കറ്റ് നഷ്ടപ്പെട്ടതിന് ശേഷം ക്രീസിലെത്തിയ സഞ്ജു സാംസണ്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സ് പുറത്തെടുത്തു. 32 പന്തില്‍ 55 റണ്‍സ് നേടിയ സഞ്ജു ടീം ടോട്ടല്‍ 187ലെത്തിച്ച ശേഷമാണ് മടങ്ങിയത്. അവസാന ഓവറുകളില്‍ ഹെറ്റ്മയര്‍ വെടിക്കെട്ട് കൂടിയായതോടെ ടീം ടോട്ടല്‍ 200 കടന്നു.
മറുപടി ബാറ്റിങില്‍ റണ്ണെടുക്കും മുന്‍പേ അഭിഷേക് ശര്‍മയെയും രാഹുല്‍ ത്രിപാതിയെയും ബോള്‍ട്ട് മടക്കിയതോടെ ഹൈദരാബാദ് തോല്‍വിയിലേക്കാണെന്ന് തോന്നിച്ചിരുന്നു. ഇടവേളകളില്‍ കൃത്യമായ വിക്കറ്റ് നഷ്ടമായ ഹൈദരാബാദ് തകര്‍ന്നു. രാജസ്ഥാന് വേണ്ടി ചഹല്‍ നാല് വിക്കറ്റ് നേടിത്തിളങ്ങി.
മലയാളി താരം കെ എം ആസിഫ് മൂന്ന് ഓവറില്‍ 15 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.