മത്സരിച്ച നാലിടത്തും സി പി എമ്മിനു നിരാശ

ബെംഗലൂരു: വന്‍ ഭരണ വിരുദ്ധ വികാരം അലയടിച്ച കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കുതിപ്പിന് പിന്നില്‍ വന്‍ തിരിച്ചടി നേരിട്ട് സിപിഎമ്മും.

 

വന്‍ വിജയ പ്രതീക്ഷയോടെ മത്സരിച്ച ബാഗേപ്പള്ളിയില്‍ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ വട്ടവും മണ്ഡലത്തില്‍ മൂന്നാമതായിരുന്ന സിപിഎമ്മിന് ഇത്തവണ ജെഡിഎസ് പിന്തുണയായിരുന്നു പ്രതീക്ഷ. കെജിഎഫ് എന്നറിയപ്പെടുന്ന കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ് മണ്ഡലത്തില്‍ സിപിഐയും സിപിഎമ്മും നേര്‍ക്കുനേര്‍ മത്സരിച്ചപ്പോള്‍ ആറാമതായാണ് ഇപ്പോള്‍ സിപിഎമ്മുള്ളത്.

 

ബാഗേപ്പള്ളിയില്‍ കെആര്‍ പുരത്തും കെജിഎഫിലും ഗുല്‍ബര്‍ഗ റൂറലിലുമാണ് സിപിഎം ഇത്തവണ മത്സരിച്ചത്. ബാഗേപ്പള്ളിയില്‍ 15 സീറ്റില്‍ മത്സരിച്ച സിപിഎമ്മിന് ആകെ 15ാം റൗണ്ട് വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ 18000 വോട്ട് പോലും കിട്ടിയില്ല. ആകെ 11 ശതമാനം വോട്ടാണ് ഈ മണ്ഡലത്തില്‍ സിപിഎമ്മിന്റെ സമ്ബാദ്യം. 28 റൗണ്ട് വോട്ടെണ്ണിയ കെആര്‍ പുരം മണ്ഡലത്തില്‍ സിപിഎമ്മിന് ആകെ കിട്ടിയത് 1123 വോട്ടാണ്. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് 16ാം റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ കിട്ടിയത് വെറും ആയിരം വോട്ടാണ്. ഇവിടെ സിപിഐ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 881 വോട്ടാണ്.

 

ഗുല്‍ബര്‍ഗ റൂറല്‍ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി തങ്കരാജിന് 16 റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ ആകെ ലഭിച്ചത് 722 വോട്ടാണ്. ഈ നാല് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. സിപിഎം പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ടത്