രണ്ടരലക്ഷം രൂപയുടെ ലോട്ടറിടിക്കറ്റ് മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ.
താനൂർ: ടൗണിലെ ലോട്ടറി സ്ഥാപനത്തിൽനിന്ന് രണ്ടരലക്ഷം രൂപയുടെ ലോട്ടറിടിക്കറ്റ് മോഷ്ടിച്ച കേസിൽ കാഞ്ചീപുരം വരദരാജപുരം സ്ട്രീറ്റിലെ ശശികുമാറിനെ (40) പോലീസ് അറസ്റ്റുചെയ്തു.
കഴിഞ്ഞമാസം 15-നാണ് താനൂരിൽ സി.കെ.വി. ലോട്ടറി ഏജൻസിയുടെ ഷട്ടറിന്റെ പൂട്ടുപൊട്ടിച്ച് മേശവലിപ്പ് കുത്തിത്തുറന്ന് 20,000 രൂപയുടെ സമ്മാനാർഹമായ ലോട്ടറിടിക്കറ്റുൾപ്പെടെ രണ്ടരലക്ഷത്തിന്റെ ലോട്ടറിയും 3000 രൂപയും മോഷ്ടിച്ചത്. സി.സി.ടി.വിയിൽ പതിഞ്ഞ പ്രതിയുടെ ചിത്രം പോലീസ് വിവിധയിടങ്ങളിലേക്ക് പ്രചരിപ്പിച്ചിരുന്നു. ചിത്രവുമായി സാമ്യമുള്ള ആളുകളെ സ്റ്റേഷനിലേക്കുവിളിപ്പിച്ച് ചോദ്യംചെയ്തിരുന്നു. തുടർന്ന് അതിഥിത്തൊഴിലാളികളുടെ താമസസ്ഥലങ്ങൾ നിരീക്ഷിച്ചു.
പാലക്കാട്ടെ ഒരു ലോട്ടറിക്കടയിൽ കളവുപോയ മൂന്ന് ലോട്ടറിടിക്കറ്റുകൾ 15,000 രൂപയ്ക്ക് ഇയാൾ മാറാനെത്തിയിരുന്നു. സംശയംതോന്നിയതിനാൽ പേരും വിലാസവും ചോദിച്ചപ്പോൾ തെറ്റായ പേരും വിലാസവും കൊടുത്ത് പ്രതിമുങ്ങി.
സി.സി.ടി.വി. ദൃശ്യങ്ങളും ഫോൺനമ്പറും വെച്ച് നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുനിന്ന് പ്രതിയെ പിടികൂടിയത്. പ്രതിയിൽനിന്ന് ഡിസംബർ ആറിന് നറുക്കെടുക്കുന്ന കേരള സർക്കാരിന്റെ ബമ്പർ ലോട്ടറികളും കണ്ടെടുത്തു.
സി.ഐ പി. പ്രമോദ്, എസ്.ഐമാരായ എൻ. ശ്രീജിത്ത്, ഗിരീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. സലേഷ്, സിവിൽ പോലീസ് ഓഫീസർമാരായ സബറുദ്ദീൻ, രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.