സമ്മാനത്തുക ഫലസ്തീൻ ജനതക്ക്; വിജയത്തിന് പിന്നാലെ കണ്ണീരടക്കാനാവാതെ തുണീഷ്യൻ ടെന്നിസ് താരം
കാന്‍കണ്‍ (മെക്സിക്കൊ): വിമൻസ് ടെന്നിസ് അസോസിയേഷൻ (ഡബ്യു.ടി.എ) ഫൈനല്‍സിലെ സമ്മാനത്തുകയില്‍നിന്ന് ഒരു ഭാഗം ഇസ്രായേല്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് നല്‍കുമെന്ന് തുനീഷ്യൻ ടെന്നിസ് താരം ഒൻസ് ജബ്യൂര്‍.
വിംബിള്‍ഡണ്‍ ഫൈനലില്‍ തന്നെ തോല്‍പിച്ച ചെക്ക് താരം മര്‍കെറ്റ വോൻഡ്രൂസോവയെ പരാജയപ്പെടുത്തിയ ശേഷമായിരുന്നു കണ്ണീരോടെ ജബ്യൂറിന്റെ പ്രതികരണം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
‘വിജയത്തില്‍ ഞാൻ സന്തുഷ്ടയാണ്. ഈ ജയംകൊണ്ട് മാത്രം എനിക്ക് സന്തോഷവതിയാകാൻ കഴിയില്ല. ലോകത്തിലെ ഈ സാഹചര്യം എന്നെ ആഹ്ലാദിപ്പിക്കുന്നില്ല. ഓരോ ദിവസവും കുഞ്ഞുങ്ങള്‍ മരിക്കുന്നത് കാണുന്നത് കഠിനവും ഹൃദയഭേദകവുമാണ്. അതുകൊണ്ട് ഇതിന്റെ സമ്മാനത്തുകയില്‍നിന്ന് ഒരു ഭാഗം ഫലസ്തീനെ സഹായിക്കാനായി ഞാൻ തീരുമാനിച്ചിരിക്കുകയാണ്’, ഗ്രാന്റ്സ്ലാം ഫൈനല്‍ കളിച്ച ഏക വനിത അറേബ്യൻ താരം പ്രതികരിച്ചു.
Ons Jabeur says she’s donating a portion of her prize money to Palestine:
“I am very happy with the win but I haven’t been very happy lately. The situation in the world doesn’t make me happy… I feel like… I am sorry. It’s very tough seeing children &
babies dying every day.… pic.twitter.com/fVBz9McSjU
— The Tennis Letter (@TheTennisLetter) November 2, 2023
കണ്ണീരടക്കാനാവാതെ ഇടക്ക് സംസാരം മുറിഞ്ഞ താരം തന്റെ തീരുമാനത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും ഇത് മനുഷ്യത്വത്തിന് വേണ്ടിയാണെന്നും പറഞ്ഞു. ‘ലോകത്തിന്റെ സമാധാനമാണ് താൻ ആഗ്രഹിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍നിന്ന് പരമാവധി വിട്ടുനില്‍ക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാല്‍, അത് വളരെ കഠിനമാണ്. ദിവസവും നടുക്കുന്ന വിഡിയോകളും ചിത്രങ്ങളും കാണേണ്ടിവരുന്നത് വളരെ നിരാശാജനകമാണ്’, താരം കൂട്ടിച്ചേര്‍ത്തു. മെക്സിക്കൻ നഗരമായ കാൻകണില്‍ മത്സരം കാണാനെത്തിയ കാണികള്‍ കൈയടിയോടെയാണ് താരത്തിന്റെ പ്രഖ്യാപനത്തെ വരവേറ്റത്.
മധ്യേഷ്യയിലെയും വടക്കൻ ആഫ്രിക്കയിലെയും മനുഷ്യാവകാശ വിഷയങ്ങളില്‍ നിരവധി തവണ നിലപാട് വ്യക്തമാക്കിയ താരമാണ് ലോക റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്തുള്ള 29കാരിയായ ഒൻസ് ജബ്യൂര്‍. ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ ഫലസ്തീനില്‍ 8796 പേരാണ് മരിച്ചത്. ഇത് 3648 പേര്‍ കുട്ടികളും 2290 പേര്‍ സ്ത്രീകളുമാണ്.