എലിക്കെണി ക്രമക്കേട്: മാരാരിക്കുളം മുൻ കൃഷി ഓഫിസറില്‍നിന്ന് 34,160 രൂപ തിരിച്ചു പിടിക്കണമെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: എലിക്കെണി വിതരണത്തിലെ ക്രമക്കേടില്‍ ആലപ്പുഴ മാരാരിക്കുളം തെക്ക് മുൻ കൃഷി ഓഫിസറില്‍നിന്ന് 34,160 രൂപ തിരിച്ചു പിടിക്കണമെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.ക്രമക്കേട് നടന്ന കാലത്ത് കൃഷി ഓഫിസറായിരുന്ന എം. ജിഷാമോളില്‍നിന്ന് തിരിച്ചുപിടിക്കണമെന്ന് റിപ്പോര്‍ട്ടിലെ ശുപാര്‍ശ.
ഗുണമേന്മയുള്ള കാര്‍ഷിക വിളകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനാണ് മാരാരിക്കുളം ഗ്രാമപ്പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2016-17 സാമ്പത്തിക വര്‍ഷത്തില്‍ എലിക്കെണി വിതരണ പ്രോജക്ട് നടപ്പാക്കിയത്. മാരാരിക്കുളം സൗത്ത് കൃഷിഭവൻ വഴിയാണ് “കര്‍ഷകര്‍ക്ക് എലിക്കെണി വിതരണം” എന്ന പദ്ധതി നടപ്പാക്കിയത്. വിവിധ വാര്‍ഡുകളിലായി 325 കര്‍ഷകര്‍ക്ക് എലിക്കെണികള്‍ വിതരണം ചെയ്ത് കാര്‍ഷികവിളകളെ സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം.
പദ്ധതിക്ക് 2016 ആഗസ്റ്റ് 31ന് അസിസ്റ്റന്റ് ഡയറക്ടര്‍ അംഗീകാരം നല്കി. 97,500 രൂപ അടങ്കല്‍ത്തുകയായി ഭരണാനുമതി ലഭിച്ച പദ്ധതിയുടെ നിര്വഹണോദ്യോഗസ്ഥയായി കൃഷി ഓഫീസറെ ചുമതലപ്പെടുത്തി. പദ്ധതിച്ചിലവിന്റെ 50 ശതമാനം വികസന ഫണ്ടില്‍നിന്നും ബാക്കി 50 ശതമാനം ഗുണഭോക്തൃവിഹിതമായും കണ്ടെത്തി പദ്ധതി പൂര്‍ത്തീകരിക്കണമെന്നായിരുന്നു വ്യവസ്ഥ.
പദ്ധതി നടത്തിപ്പില്‍ നിര്‍വഹണോദ്യോഗസ്ഥയുടെ ഭാഗത്ത് നിന്ന് ഗുരതചര വിഴ്ചയുണ്ടായി എന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. സര്‍ക്കാരിന് 34, 160 രൂപയുടെ നഷ്ടം സംഭവിച്ചു. ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചതിനാല്‍ കൃഷി ഓഫിസറുടെ വ്യക്തിഗത ബാധ്യതയാണ്. വിതരണം ചെയ്യാത്തതും കണക്കില്‍പെടാത്തതുമായ എലിക്കെണികള്‍ ഉള്‍പ്പെടെ അധികമായി വാങ്ങിയ എലിക്കെണികള്‍ (271 എണ്ണം) വഴി 37,940 രൂപയുടെ ധനനഷ്ടം സംഭവിച്ചു. ഗുണഭോക്തൃവിഹിതമായി ശേഖരിച്ച 3780 രൂപ കുറച്ചാല്‍ ധനനഷ്ടം 34,160 രൂപയാണെന്ന് പരിശോധനയില്‍ കണ്ടെത്തി.
നിര്‍വഹണോദ്യോഗസ്ഥ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചതുമൂലമുണ്ടായ സാമ്പത്തിക നഷ്ടമായതിനാല്‍ ഈ തുക കൃഷി ഓഫീസറുടെ വ്യക്തിഗത ബാധ്യതയായി നിശ്ചയിച്ച് ഈ കാലയളവില്‍ കൃഷി ഓഫീസുടെ ചുമതല വഹിച്ചിരുന്ന എം. ജിഷാമോളില്‍നിന്ന് തിരിച്ചുപിടിക്കണമെന്നാണ് ധനകാര്യ റിപ്പോര്‍ട്ടിലെ ശുപാര്‍ശ.