Shobika

ഭൂപ്രശ്നങ്ങളും വന്യമൃഗശല്യവും; പ്രഭാത സദസ്സില്‍ ചൂടേറിയ ചര്‍ച്ച

ചെറുതോണി: ജില്ലയിലെ നവകേരള സദസ്സിനോട് അനുബന്ധിച്ച്‌ ചെറുതോണി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച പ്രഭാത സദസ്സില്‍ ഭൂ പ്രശ്നങ്ങളും വന്യ മൃഗശല്യവും ബഫര്‍ സോണുമടക്കമുള്ള വിഷയങ്ങള്‍ ചൂടേറിയ ചര്‍ച്ചയായി.

1 st paragraph

മുഖ്യമന്ത്രിയുടെ ആമുഖഭാഷണത്തിന് ശേഷം നടന്ന ചര്‍ച്ചയില്‍ വിവിധ മേഖലകളില്‍ നിന്നുള്ള 20 ലധികം പേര്‍ സംസാരിച്ചു.ജനകീയസഭ ജനങ്ങളോടൊപ്പമുള്ള ധന്യമായ നിമിഷമാണിതെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു. ജില്ലയിലെ റോഡുകളുടെയും പാലങ്ങളുടെയും കുറവും വന്യമൃഗ ശല്യം മൂലം മൂലമുള്ള പ്രയാസങ്ങളുമാണ് അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തിയത്.

ബഫര്‍ സോണ്‍ നിലവിലുള്ള വനഭൂമിയില്‍ ഒതുക്കി നിറുത്തണം, അടഞ്ഞുകിടക്കുന്ന തോട്ടങ്ങളുടെ ഭൂമി കര്‍ഷകര്‍ക്ക് കൃഷി ചെയ്യാനായി വീതിച്ച്‌ നല്‍കണം, ജസ്റ്റിസ് ജെ.ബി കോശി കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം എന്നിവയായിരുന്നു സി.എസ് .ഐ. സഭ ഈസ്റ്റ് കേരള ബിഷപ്പ് വി.എസ് ഫ്രാന്‍സിസിന്റെ ആവശ്യം. ബഫര്‍സോണ്‍ വിഷയത്തില്‍ നമ്മുടെ നിലപാട് സുപ്രീംകോടതി അംഗീകരിച്ചതാണെന്നും ജനവാസ മേഖലകളെ ബഫര്‍സോണ്‍ ബാധിക്കില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും പറഞ്ഞു.

2nd paragraph

ഇടുക്കിയുടെ വിനോദസഞ്ചാര മേഖലയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും സുരക്ഷിതത്വം വര്‍ധിപ്പിക്കുകയും വേണമെന്ന ആവശ്യമാണ് യാക്കോബായ സഭ ഇടുക്കി ഭദ്രാസനം മെത്രാപൊലീത്ത ബിഷപ്പ് സഖറിയാസ് മാര്‍ പീലക്‌സിനോസ് ഉന്നയിച്ചത്.

ടൂറിസം മേഖലയുടെ വികസനത്തിന് സത്വര നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്നും ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കി നല്ലരീതിയില്‍ മുന്നോട്ട് പോകാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിലത്തകര്‍ച്ച മൂലം ചെറുകിട കര്‍ഷകര്‍ വലിയ പ്രയാസത്തിലാണെന്നും ജില്ലയുടെ സാമ്ബത്തിക അഭിവൃദ്ധിക്ക് ഇടുക്കിയുടെ ടൂറിസം സാധ്യതക്ക് പ്രാധാന്യം നല്‍കണമെന്നുമായിരുന്നു എസ്.എൻ.ഡി.പി മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്റെ ആവശ്യം. ഭിന്നശേഷി സംവരണം മൂലം സമുദായ സംവരണത്തില്‍ കുറവ് വരരുതെന്നും ആരാധാനാലയങ്ങള്‍ക്കുള്ള അനുമതി തദ്ദേശസ്ഥാപനങ്ങളെ ഏല്‍പ്പിച്ചത് മൂലമുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നുമായിരുന്നു കേരള മുസ്ലിം ജമാഅത്ത് ജില്ല ജനറല്‍ സെക്രട്ടറി ടി. കെ. അബ്ദുല്‍ കരീം സഖാഫി ആവശ്യപ്പെട്ടത്. സംവരണം കൃത്യമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളമെന്നും നിലവിലെ സംവരണം തുടരുമെന്നും അതില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരവും മെഡിക്കല്‍ കോളജിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കലും ആണ് ഇടുക്കി രൂപത പ്രതിനിധി ഫാ. ജിന്‍സ് കാരക്കാട്ട് ഉന്നയിച്ചത്. ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങളില്‍ നിങ്ങളേക്കാളേറെ താല്‍പര്യമുള്ളവരാണ് സര്‍ക്കാറെന്നും കര്‍ഷകരെയും കുടിയേറ്റക്കാരെയും കയ്യേറ്റക്കാരായി കാണുന്ന സര്‍ക്കാറല്ല ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമഗ്ര ആദിവാസി നയം പ്രഖ്യാപിച്ച സര്‍ക്കാറിനെ അഭിനന്ദിച്ച മലയരയ മഹാസഭ പ്രസിഡന്റ് കെ. ബി. ശങ്കരന്‍ ജനവാസമേഖലയെ വനമേഖലയില്‍ നിന്ന് ഡീമാര്‍ക്ക് ചെയ്യണം, പട്ടികവര്‍ഗ-ഗോത്രമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്‍കുന്നത് വേഗത്തിലാക്കണം എന്നും അഭിപ്രായപ്പെട്ടു. മലയോര മേഖലയില്‍ ചെറുകിട ജലവൈദ്യുത സംരംഭങ്ങള്‍ കൂടുതല്‍ ആരംഭിക്കണമെന്നും വൈദ്യുതിക്ക് മുന്‍കൂര്‍ വില നിശ്ചയിക്കണമെന്നും മുക്കുടം ഇലക്‌ട്രോ എനര്‍ജി സ്ഥാപകനും യുവ സംരഭകനുമായ രാകേഷ് റോയ് അഭിപ്രായപ്പെട്ടു.

ജില്ലയിലെ തരിശു കിടക്കുന്ന റവന്യൂഭൂമി ടൂറിസം വികസനത്തിന് ഉപയോഗപ്പെടുത്തണമെന്നായിരുന്നു വാഗമണിലെ അഡ്വഞ്ചര്‍ ടൂറിസം സംരംഭകനായ ജോമി പൂണോലിന്‍റെ ആവശ്യം. ഭിന്നശേഷി കുട്ടികള്‍ക്ക് കായിക പരിശീലനം നല്‍കുന്ന സ്ഥാപനമായ അടിമാലി കാര്‍മല്‍ ജ്യോതി സ്‌പെഷല്‍ സ്‌കൂളിന് അംഗീകാരം നല്‍കുന്നതിനുള്ള അപേക്ഷയില്‍ നടപടി വേഗത്തിലാക്കണം എന്നായിരുന്നു സിസ്റ്റര്‍ മെറിന്റെ ആവശ്യം. ജില്ലയിലെ ചികില്‍സ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് ആംഗ്ലിക്കന്‍ ചര്‍ച്ച്‌ ഓഫ് ഇന്ത്യ ആര്‍ച്ച്‌ ബിഷപ്പ് റവ. ലേവി ഐക്കര ആവശ്യപ്പെട്ടു.

തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ദ്രുതകര്‍മ സേനയിലെ അംഗങ്ങളുടെ എണ്ണം 50 ആക്കണമെന്നും തൊടുപുഴയിലെ അഗ്നിരക്ഷാസേനയില്‍ മാത്രമേ മുങ്ങല്‍ വിദഗ്ധരുള്ളൂവെന്നും ജില്ലയുടെ മറ്റിടങ്ങളിലും അവരുടെ സേവനം ലഭ്യമാക്കണം എന്നുമായിരുന്നു ശാന്തന്‍പാറ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ലീഡര്‍ അഡ്വ. ആഷിഷ് വര്‍ഗീസ് ആവശ്യപ്പെട്ടത്. ജില്ലയില്‍ ആവശ്യത്തിന് കളിമൈതാനങ്ങള്‍ ആരംഭിക്കണം, മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റ്യൂഡ് സ്റ്റേഡിയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണം എന്നായിരുന്നു കായിക മേഖലയുടെ പ്രതിനിധിയായ സി. പ്രദീപ് ആവശ്യപ്പെട്ടത്. തൊടുപുഴയില്‍ മാത്രമേ പാറമടയും ക്രഷറും ഉള്ളുവെന്നും മറ്റ് താലൂക്കുകളിലും അവ ആരംഭിക്കാന്‍ അനുമതി നല്‍കണം എന്നുമായിരുന്നു ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ജില്ല സെക്രട്ടറി എന്‍.സി ജോസ് ആവശ്യപ്പെട്ടത്.

നിര്‍മാണനിരോധനം ഏലം മേഖലയില്‍ സ്റ്റോര്‍, ഡ്രയര്‍, കുളം, റോഡ് തുടങ്ങിവയുടെ ഒക്കെ നിര്‍മാണത്തിന് തടസ്സമാകുന്നുണ്ടെന്ന് കാര്‍ഡമം ഫെഡറേഷന്‍ ജന. സെക്രട്ടറിയും ഏലം കര്‍ഷകനുമായ സി.പി സന്തോഷ് ചൂണ്ടിക്കാട്ടി. നവകേരളസദസ്സ് എന്ന നവീന ആശയത്തിന് അഭിനന്ദനം നേര്‍ന്ന നടന്‍ ജാഫര്‍ ഇടുക്കി ഇടുക്കിയിലെ ജനതയെ സര്‍ക്കാര്‍ ചേര്‍ത്ത് പിടിക്കണം എന്നാവശ്യപ്പെട്ടു. മലയരയ മഹാസഭയുടെ സ്ഥാപനങ്ങളില്‍ തസ്തികകള്‍ സൃഷ്ടിക്കുന്നതിലെ തടസ്സം നീക്കണം എന്നായിരുന്നു മലയരയമഹാസഭ പ്രസിഡന്റ് എം.കെ സജീവന്റെ ആവശ്യം. വളരെ പ്രസക്തവും ജില്ലയുടെ സമഗ്ര പുരോഗതിയുമായ ബന്ധപ്പെട്ടതുമായി ഒട്ടേറെ നിര്‍ദേശങ്ങളാണ് ലഭിച്ചതെന്നും സമയപരിമിതി മൂലമാണ് എല്ലാത്തിനും മറുപടി പറയാനാവാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ നിര്‍ദേശങ്ങളും എഴുതി നല്‍കണമെന്നും അവയെല്ലാം സര്‍ക്കാര്‍ ഗൗരമായി പരിഗണിക്കുമെന്നും പറഞ്ഞാണ് മുഖ്യമന്ത്രി മറുപടി പ്രസംഗം അവസാനിപ്പിച്ചത്. വിവിധ മേഖലയിലുള്ള 250ലധികം വ്യക്തികളാണ് പ്രഭാത സദസ്സില്‍ പങ്കെടുത്തത്.