പാട്ട് ഹിറ്റ്, സിനിമ വെളിച്ചം കണ്ടില്ല, ഒടുവില്‍ മോഹവീടും കൈവിട്ട് സംവിധായകൻ

‘കുറിവരച്ചാലും കുരിശുവരച്ചാലും…’ മലയാളക്കര ഈ പാട്ട് പലവട്ടം ആസ്വദിക്കുമ്ബോള്‍ ഇതുള്‍പ്പെട്ട മൗനം എന്ന സ്വപ്നസിനിമയുടെ നിര്‍മാതാവും സംവിധായകനുമായ സുരേഷ് മച്ചാട് സ്വന്തംവീട് കൈവിട്ടുപോകുന്നതിന്റെ വേദനയിലാണ്.

സിനിമയുടെ പേരിലുണ്ടായ കടം മോഹവീടും നഷ്ടപ്പെടുത്തി. സ്വന്തം വീട്ടില്‍ വാടകക്കാരനായി രണ്ടുവര്‍ഷത്തോളം താമസിച്ച സുരേഷ് വീട്ടില്‍നിന്ന് പടിയിറങ്ങാനൊരുങ്ങുകയാണിപ്പോള്‍. രോഗം കാരണം കിടപ്പിലായ 75-കാരി സഹോദരി രാധയെയും കൊണ്ടുവേണം സുരേഷിന് സ്വപ്നങ്ങളില്‍നിന്ന് പടിയിറങ്ങാൻ. ദിവസങ്ങളെണ്ണിയാണ് ഇപ്പോഴത്തെ കാത്തിരിപ്പ്. കൂട്ടിന് മൗനം സിനിമയുടെ ഫിലിം പെട്ടിയും.


സുരേഷ് മച്ചാട് വീടിന് മുന്നില്‍
എം.ഡി. രാജേന്ദ്രന്റെ വരിയും ഈണവും യേശുദാസിന്റെ ശബ്ദത്തില്‍ ഒഴുകിയപ്പോള്‍ മലയാളിമനസ്സ് പാട്ടിനെ സ്വീകരിച്ചു. 2011-12 ല്‍ ദേശീയ അവാര്‍ഡിനുള്ള അവസാന റൗണ്ടില്‍ മൗനം ഉള്‍പ്പെട്ടു. മദ്രാസ് ഫിലിം ഫെസ്റ്റിവലില്‍ രണ്ടാംസ്ഥാനവും ഇതു നേടി. 2012 ജനുവരിയില്‍ ആദ്യപ്രദര്‍ശനം നടന്നുവെങ്കിലും പിന്നീട് വായ്പകുരുക്കിലായി ഒരുപതിറ്റാണ്ടോളം ഇരുട്ടിലടയ്ക്കപ്പെട്ടു.
സൈജുകുറുപ്പ്, തിലകൻ, മാടമ്ബ്, മുല്ലനേഴി, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരഭിനയിച്ച സിനിമയായിരുന്നു ഇത്. മാടമ്ബ് എഴുതിയ കഥയെ ആധാരമാക്കി അദ്ദേഹം തന്നെയാണ് തിരക്കഥ ഒരുക്കിയതും. 2009-ല്‍ ഷൂട്ടിങ് തുടങ്ങുന്ന സമയത്തെ ഓഡിയോ പുറത്തിറക്കിയിരുന്നു. ഇതിനാല്‍ പാട്ട് സിനിമയുടെ ഗതി നോക്കാതെ വളര്‍ന്നു പന്തലിച്ചു.
70 ലക്ഷത്തോളം രൂപ ചെലവാക്കിയാണ് ഈ സിനിമ എടുത്തത്. ഇതില്‍ 40 ലക്ഷത്തോളം ബാങ്ക് വായ്പയായിരുന്നു. 26 ലക്ഷം വ്യക്തിപരമായ കടവും. വ്യക്തിപരമായ കടം കഴുത്തില്‍ കുരുക്കിട്ടപ്പോള്‍ സിനിമയുടെ സര്‍വ അവകാശവും എഴുതിക്കൊടുക്കേണ്ടിവന്നു. ഇതോടെ സിനിമ പെട്ടിയിലായി.
കടം വീട്ടാനാവാതെ വന്നപ്പോള്‍ വീടു ജപ്തിചെയ്തു. അപ്പോഴും സിനിമ തിരികെ കിട്ടിയിരുന്നില്ല. ഒടുവില്‍ നിയമനടപടികളിലൂടെ സിനിമ സുരേഷിന്റെ കൈയിലെത്തിയപ്പോഴേക്കും 2021 ആയിരുന്നു.
ജപ്തി ചെയ്ത വീട്ടില്‍ വാടകയ്ക്ക്് താമസിക്കുകയായിരുന്നു ഇതേ വരെ. ഇപ്പോള്‍, ഈ ആനുകൂല്യവും അവസാനിച്ചു. ഇവരെ പുറത്താക്കാൻ ഉത്തരവുവന്നു.
കട്ടിലില്‍നിന്ന് എഴുന്നേല്‍ക്കാൻ പോലുമാകാത്ത സഹോദരിയെയും കൊണ്ട് മോഹവീടില്‍നിന്നുള്ള പടിയിറക്കത്തിന്റെ വക്കിലാണ് സുരേഷ്. അടുത്ത മുറിയിലെ ഒഴിഞ്ഞമൂലയില്‍ മൗനം സിനിമയുടെ പെട്ടിയും പൊടിപിടിച്ചുകിടക്കുന്നു.
